ആലങ്ങാട്: കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ നരണിത്തോട് പുനരുദ്ധാരണത്തിന് പ്രതീക്ഷയേകി 132 ലക്ഷത്തിന്റെ പദ്ധതിക്ക് ഭരണാനുമതി. പെരിയാറിൽ കരുമാല്ലൂർ പുറപ്പിള്ളികാവ് റലുലേറ്റർ കം ബ്രിഡ്ജിനു സമീപത്ത് നിന്നാരംഭിച്ച് ആലങ്ങാട് കരിങ്ങാംതുരുത്ത് പുഴയിൽ ചെന്നുചേരുന്ന 10 കിലോമീറ്റർ നീളമുള്ള തോട് ആഴംകൂട്ടി പായലും മാലിന്യങ്ങളുംനീക്കി സംരക്ഷിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

കരുമാല്ലൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലെ നെൽക്കൃഷി ഉൾപ്പെടെ നരണിത്തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇതിനുപുറമേയാണ് ഇരുപഞ്ചായത്തുകളിലെയും വാഴ, കപ്പ, നാണ്യവിള, പച്ചക്കറി കൃഷികൾ. കാലങ്ങളായുള്ള അവഗണനയും പ്രളയവും മൂലം ചെളിയും പായലും മൂടി നീരൊഴുക്കു നിലച്ച നിലയിലാണ് തോട്. പുനരുദ്ധാരണ പദ്ധതിക്ക് ജലവിഭവവകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റാണ് അംഗീകരിച്ചത്. അഞ്ചുമാസംകൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.