കൊച്ചി: തുറമുഖത്തു നിന്ന് പിടികൂടിയ രക്തചന്ദനം ദുബായിലേക്ക് കടത്താൻ ശ്രമിച്ച മലയാളിയെ തിരിച്ചറിഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്ന് രക്തചന്ദനം കൊണ്ടുവന്ന ലോറിയും കണ്ടെത്തി.
കള്ളക്കടത്തിൽ ബന്ധമുള്ളവരെക്കുറിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അന്വേഷണം വിപുലമാക്കി. കസ്റ്റംസും അന്വേഷണം നടത്തും. രണ്ട് എണ്ണടാങ്കുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2,200 കിലോ രക്തചന്ദനമാണ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്. കയറ്റുമതി ലൈസൻസി മലയാളിയാണ്. ഇയാളുടെ ലൈസൻസുപയോഗിച്ച് മറ്റാരെങ്കിലും കള്ളക്കടത്ത് നടത്താൻ ശ്രമിച്ചതാണോയെന്നും അന്വേഷിക്കും.
ദുബായിൽ എത്തിക്കുന്ന രക്തചന്ദനം ചൈന, സിംഗപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് കയറ്റിഅയയ്ക്കും. മരുന്ന്, സംഗീതോപകരണങ്ങൾ എന്നിവ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്.