ആലുവ: ശിവരാത്രി മണപ്പുറത്തെ വളക്കച്ചവടക്കാർ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ നഗരസഭ നടപടി ആരംഭിച്ചു. മണപ്പുറത്തും പാലസ് റോഡിലും അനധികൃതമായി നഗരസഭ അനുമതി നൽകിയ കച്ചവടക്കാരെ ഇന്നലെ മിന്നൽ വേഗത്തിൽ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. കൊലപാതകത്തിന് വഴിവെച്ചത് നഗരസഭയുടെ അലംഭാവമാണെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് നടപടി. ജില്ലാ ഭരണകൂടവും നഗരസഭാ കൗൺസിലും നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടും ഫീസ് ഈടാക്കി കച്ചവടക്കാർക്ക് സൗകര്യം നൽകി. ലൈസൻസെന്ന പേരിൽ കച്ചവടക്കാരിൽനിന്ന് ഈടാക്കിയതിൽ ചെറിയൊരുതുക മാത്രമാണ് നഗരസഭ രേഖകളിൽ ഉള്ളതെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാതലത്തിലാണ് വിവാദം കൂടുതൽ രൂക്ഷമായത്.
തമിഴ്നാട് സ്വദേശി ദിലീപ് (45) കൊല്ലപ്പെട്ട കേസിൽ പിടിയിലായ ആലുവ തോട്ടക്കാട്ടുകര മാരാട്ടുലൈനിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി സലീം (65), ദിലീപിന്റെ ബന്ധു കടവന്ത്രയിൽ വാടകയ്ക്ക് താമസിക്കുന്ന രാജ്കുമാർ (50) എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു.