ആലുവ: യു.സി കോളേജ് സ്വയംഭരണ അവകാശത്തിനെതിരെ കോളേജ് യൂണിയനും കെ.എസ്.യു, എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും നടത്തിയ സമരം താത്കാലികമായി അവസാനിപ്പി​ച്ചു. സ്വയംഭരണാവകാശം നൽകുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയിൽ നിന്നെത്തിയ അധികാരികളെ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ബിൻസി ബിജുവിന്റെ നേതൃത്വത്തിൽ കോളേജ് കവാടങ്ങൾ അടച്ചിട്ട് തടഞ്ഞിരുന്നു. തുടർന്ന് യൂണിയൻ ഭാരവാഹികൾ 24 മണിക്കൂർ കോളേജ് കവാടം ഉപരോധിച്ചതിനെത്തുടർന്ന് ചർച്ച നടന്നു. 30ന് വീണ്ടും ചർച്ച നടത്താൻ മുഴുവൻ വിദ്യാർത്ഥി, അദ്ധ്യാപക സംഘടനകളെ ഉൾകൊള്ളിച്ച് യോഗം ചേരാമെന്നും അതുവരെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർവഹണങ്ങൾ ഉണ്ടാവില്ലെന്നും കോളേജ് അധികൃതർ യൂണിയൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി. വൈസ് ചെയർപേഴ്‌സൺ ഹനാൻ ഹുസൈൻ, ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.