മൂവാറ്റുപുഴ: എൻ.എസ്.എസ് വോളന്റിയർമാർ നിർദ്ധനകുടുംബത്തിന് ആടിനെ നൽകി. പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ സ്‌കൂളിലെ എൻ.എസ് എസ് വോളന്റിയർമാർ നാഷണൽ സർവീസ് സ്‌കീമിന്റെ ഉപജീവനമെന്ന പദ്ധതിയുടെ കീഴിൽ നിർദ്ധന കുടുംബത്തിനാണ് ആടിനെ നൽകിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് ആറാംവാർഡിലെ നിർദ്ധന കുടുംബത്തിനാണ് ഇക്കുറി ആടിനെ വിതരണംചെയ്തത്. ഇക്കൊല്ലം രണ്ടാമത്തെ കുടുംബത്തിനാണ് വോളന്റിയർമാർ ആടിനെ നൽകിയത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ് ഗൃഹനാഥന് ആടിനെ കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, മെമ്പർ ബെസി എൽദോ, അദ്ധ്യാപിക രമ്യ കുര്യാക്കോസ്, റോബിൻ വർഗീസ്, മുഹ്‌സിൻ, ആൻ മരിയ, സിയ എൽദോസ്, ബേസിൽ എൽദോസ് തുടങ്ങിയവർ പങ്കെടുത്തു. ആക്രി ശേഖരിച്ചും ലോഷനുകൾ നിർമ്മിച്ച് വിറ്റുമാണ് വോളന്റിയർമാർ പദ്ധതിക്ക് പണം കണ്ടെത്തിയത്.