കൊച്ചി: കെ-റെയിൽ പദ്ധതിക്കെതിരായ സമരത്തിലൂടെ ജനമനസിൽ ഇടംനേടാൻ പ്രവർത്തകർ ശ്രമിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കെ-റെയിലിനെതിരെ ആര് സമരം നടത്തിയാലും അതിൽ കോൺഗ്രസ് പങ്കെടുക്കണം. ഇതിലൂടെ രാഷ്ടീയവിജയം നേടണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി മദ്ധ്യമേഖല നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കെ-റെയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോയാൽ കേരളത്തിലെ കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ജയിലറകൾ പണിതുയർത്തേണ്ടി വരും. കെ-റെയിൽ ഒരിക്കലും നടക്കില്ലെന്നു മാത്രമല്ല, കേരളത്തെ നന്ദിഗ്രാം ആക്കിത്തീർക്കുകയും ചെയ്യും. പദ്ധതിയിലൂടെ പിണറായി വിജയനും പാർട്ടിയും കേരളത്തിൽ നിന്ന് ഇല്ലാതാകും.
നിരവധി സി.പി.എം, ബി.ജെ.പി അംഗങ്ങൾ കോൺഗ്രസിലേക്ക് എത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരായ സ്ത്രീകളും വീട്ടമ്മമാരും കെ-റെയിൽ വന്നതോടെ 'കൊള്ളപ്പാർട്ടിയിൽ പ്രവർത്തിക്കില്ലെന്ന്' വിളിച്ചുപറയുന്ന കാഴ്ചയാണ് കണ്ടത്. 50 ലക്ഷം പേരെ പുതുതായി പാർട്ടിയിൽ ചേർക്കണമെന്നാണ് എ.ഐ.സി.സിയുടെ നിർദ്ദേശം. പ്രവർത്തനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. അവരുടെ തുടർയാത്രകളിലും സ്ഥാനക്കയറ്റങ്ങളിലും ഇത് ബാധകമാകുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
നേതൃയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.