ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിൽ മൂന്നാം വട്ടവും കെ.റെയിലിനു വേണ്ടി അതിർത്തി കല്ല് സ്ഥാപിക്കാൻ സാധിക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. ആറാം വാർഡിലാണ് കെ.റെയിൽ കല്ല് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ കെ. റെയിൽ ഉദ്യോഗസ്ഥ സംഘം പൊലീസ് സാന്നിദ്ധ്യത്തിൽ തിരുവാണിയൂർ കിടങ്ങയം ഭാഗത്ത് എത്തുകയും അവിടെ കല്ല് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കിടങ്ങയം പാടത്ത് കല്ലിടാനുള്ള ശ്രമം നാട്ടുകാർ ഇടപ്പെട്ട് തടഞ്ഞു.
ജനകീയ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ അടിയാക്കൽ ഭാഗത്ത് നിന്ന് കിടങ്ങയത്തെത്തി പാടത്ത് സ്ഥാപിക്കുവാൻ കൊണ്ടു വന്നിട്ടിരുന്ന സർവേ കല്ലുകൾ സമീപത്തുള്ള കുളത്തിൽ വലിച്ചെറിയുകയായിരുന്നു. നാലിലധികം കല്ലുകൾ നീക്കം ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങി. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ഉച്ചയോടെ ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും പ്രതിഷേധക്കാർ വൈകിട്ട് വരെ സംഭവസ്ഥലത്ത് നിന്നിരുന്നു. ഡി. സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ പ്രതിഷേധം. ചോറ്റാനിക്കാരയിൽ സിൽവർ ലൈൻ സർവേ കല്ലുകൾ പാടത്ത് സ്ഥാപിക്കാനായി ഇത് മൂന്നാം തവണയാണ് ഉദ്യോഗസ്ഥർ എത്തുന്നത്. എല്ലായിടത്തും ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ പിൻവാങ്ങുമ്പോൾ കണ്ടാലറിയുന്ന വ്യക്തികൾക്കെതിരെ കേസെടുക്കുകയാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ ആർക്കെതിരെയും ചോറ്റാനിക്കര പൊലീസ് കേസെടുത്തിട്ടില്ല. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തൻവീടന്റെ ഭവനം ഉൾപ്പെടെ പദ്ധതിക്കായി കല്ല് സ്ഥാപിക്കാൻ എത്തിയെങ്കിലും ജനകീയ സമിതി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സമരത്തിൽ ഉദ്യോഗസ്ഥർ പിൻവാങ്ങുകയാണ്. വരും ദിവസങ്ങളിലും കുറ്റിയിടലും പ്രതിഷേധവും ഉണ്ടാകും.