പള്ളുരുത്തി: ഇടക്കൊച്ചിയിൽ റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയ തണ്ണീർത്തടം വീണ്ടും നികത്തുന്നു. ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപം അയ്യങ്കാളി റോഡിനോട് ചേർന്ന് രണ്ടിടത്തായാണ് സ്വകാര്യ വ്യക്തികൾ തണ്ണീർത്തടം നികത്തുന്നത്. ടിപ്പർ ലോറിയിൽ മണൽ എത്തിച്ചാണ് നിർത്തൽ.

മാസങ്ങൾക്ക് മുമ്പ് നികത്തൽ നടത്തുന്നതിനിടെ വില്ലേജ് അധികൃതർ സ്റ്റോപ്പ്‌ മെമ്മൊ നൽകിയിരുന്നതാണ്. ഇതിനെ മറികടന്നാണ് പ്രവർത്തനങ്ങൾ. ഒരേക്കറോളം വരുന്ന തണ്ണീർതടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ നികത്തി. രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്ന പ്രദേശമാണെന്നും തണ്ണീർത്തടം നികത്തിയാൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. നികത്തിയ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നികത്തൽ നടക്കുമ്പോൾ വില്ലേജ് അധികൃതർ സ്റ്റോപ്പ്‌ മെമ്മോ നൽകുമെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ ആരോപണം. നികർത്തിയ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി. കെ. അരുൺകുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഈ ഭാഗങ്ങളിൽ പല സ്ഥലങ്ങളിലായാണ് കണ്ടൽക്കാടുകൾ വെട്ടിനിരത്തി തണ്ണീർത്തടം നികത്തുന്നത്. ചില രാഷ്ടീയ പാർട്ടികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നികത്തൽ നടക്കുന്നത്. ഈ സ്ഥലങ്ങളാണ് പിന്നീട് ഫ്ളാറ്റ് സമുച്ചയങ്ങളായി രൂപാന്തരപ്പെടുന്നത്. ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ ഉത്തരവ് പ്രകാരം നികത്തൽ നടപടികൾ നിർത്തിവക്കണമെന്നാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.