കൊച്ചി: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞയാഴ്ച മറൈൻഡ്രൈവിൽ നടത്തിയ പ്രദർശന, വിപണന മേളയ്ക്കു താത്ക്കാലിക സ്റ്റാൾ തയ്യാറാക്കാൻ ഉയർന്ന തുകയ്ക്കു ടെൻഡർ നൽകിയെന്ന് ആരോപണം. ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിലാണ് വിമർശനമുയർന്നത്. ഇക്കാര്യം പരിശോധിക്കാനും കരാറുകാരുമായി ചർച്ച നടത്തി തുക കുറയ്ക്കാൻ കഴിയുമോയെന്ന് ആരായാനും വികസനകാര്യ സ്ഥിരസമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി.
സ്റ്റാൾ തയ്യാറാക്കാൻ സ്വകാര്യ സ്ഥാപനത്തിനു 12.17 ലക്ഷം രൂപയ്ക്കു കരാർ നൽകാൻ മേയർ എം. അനിൽകുമാർ മുൻകൂർ അനുമതി നൽകിയിരുന്നു. കരാറുകാരൻ ടെൻഡറിൽ 14.72 ലക്ഷം രൂപ ക്വോട്ട് ചെയ്തതു ചർച്ചകളിലൂടെ 12.17 ലക്ഷം രൂപയാക്കി കുറയ്ക്കുകയായിരുന്നു.
മാർച്ച് ആദ്യവാരത്തിൽ മറൈൻഡ്രൈവിൽ നടന്ന സി.പി. എം സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയ പന്തലുകളിലൊന്ന് പൊളിച്ചുനീക്കാതെ കോർപ്പറേഷന്റെ പ്രദർശനത്തിനു വേണ്ടിയും ഉപയോഗിച്ചെന്നാണ് ആക്ഷേപം.
കഴിഞ്ഞ തവണ നടത്തിയ പ്രദർശനത്തിന് സ്റ്റാൾ തയ്യാറാക്കാൻ ഇത്രയേറെ തുക ചെലവായിട്ടില്ലെന്നും ഇത്തവണ തുക ഉയർന്നതു പരിശോധിക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാരും സി.പി.ഐ കൗൺസിലർ സി.എ. ഷക്കീറും ആവശ്യപ്പെട്ടു.
ഇക്കാര്യം പരിശോധിച്ചു തുക കുറയ്ക്കാൻ കഴിയുമോയെന്ന് ആരായാൻ വികസനകാര്യ സ്ഥിരസമിതിയോടു മേയർ എം. അനിൽകുമാർ നിർദ്ദേശിച്ചു. 2021– 22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നലെ കൗൺസിൽ യോഗം പരിഗണിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ചെലവഴിക്കാതെ ബാക്കി വരുന്ന ഫണ്ട് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ. വൈ)– ലൈഫ് ഭവന നിർമ്മാണ പദ്ധതിക്കു വകയിരുത്താൻ കഴിയുമോയെന്നു പരിശോധിക്കാനും മേയർ ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചു.