തൃക്കാക്കര: തീ പിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ പരിശോധിക്കുന്നതിനായി കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 ന് ആരംഭിച്ച മോക്ഡ്രിൽ 12.15 ന് പൂർത്തിയായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രില്ലിന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദാദേവി, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.

ആശയ വിനിമയ സംവിധാനമാണ് പ്രധാനമായും നിരീക്ഷിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തമുണ്ടായതായി ജില്ലാ അടിയന്തരകാര്യ നിർവഹണ കേന്ദ്രത്തിൽ അറിയിക്കുകയും അവിടെ നിന്നും മറ്റ് നടപടികൾ ആരംഭിക്കുകയുമായിരുന്നു. ഗതാഗത നിയന്ത്രണ വകുപ്പ്, അഗ്‌നി രക്ഷാ സേന, ആരോഗ്യ വകുപ്പ് എന്നിവരും മോക്ഡ്രില്ലിൽ പങ്കാളികളായി. തുടർന്ന് തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീശന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് അവബോധ ക്ലാസ് നൽകി.
അപകടം ഉണ്ടായാൽ ഒരിക്കലും കാണികളായി നിന്ന് കൂടുതൽ അപകടം ക്ഷണിച്ച് വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോണിൽ അപകടത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതും ഒഴിവാക്കണം. എന്ത് തരത്തിലുള്ള തീപിടിത്തമാണെന്ന് ആദ്യഘട്ടത്തിൽ മനസിലാക്കാൻ പ്രയാസമാണ്. അപകടം ഉണ്ടായാൽ ആദ്യം അറിയിക്കേണ്ട ഫോൺ നമ്പറുകൾ എല്ലാവരും കൈവശം സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും സന്നിഹിതനായിരുന്നു.