കൊച്ചി: കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കാംകോ (കേരള അഗ്രി മഷീനറി കോർപറേഷൻ ലിമിറ്റഡ്) നിർമ്മിച്ച 650 പവർ ടില്ലറുകൾ അസാമിലേക്ക് ട്രെയിനിൽ കയറ്റി അയച്ചു. വിവിധ സംസ്ഥാന സർക്കാരുകളുടെ സബ്സിഡി സ്കീം വഴിയാണ് ടില്ലറുകൾ വിറ്റഴിക്കുന്നത്. പൊന്നുരുന്നിയിൽനിന്ന് അസാമിലേക്ക് പുറപ്പെട്ട ടില്ലറുകൾ ചെയ‌ർമാൻ കെ.പി. സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ഡീലർമാർ മുഖേനയാണ് അസാമിലേക്ക് ടില്ലർ കയറ്റി അയച്ചത്. പ്രതിവർഷം 12,000 ടില്ലർ കാംകോയിൽ നിർമ്മിക്കുന്നുണ്ട്. ഇതിൽ 3,000 ടില്ലറുകൾ അസാമിലേക്കാണ് കയറ്റി അയയ്ക്കുന്നത്. 70 ശതമാനത്തോളം സബ്സിഡിയിലാണ് ഡീലർമാർ വഴി ഇവ വിൽക്കുന്നത്. മുമ്പ് ട്രക്കുകളിലാണ് ടില്ലറുകൾ കയറ്റി അയച്ചിരുന്നത്. എന്നാൽ ഇത് ചെലവേറിയതിനാലാണ് കഴിഞ്ഞ മൂന്ന് വ‌ർഷമായി ട്രെയിൻ മാ‌ർഗം കയറ്റി അയയ്ക്കാൻ തുടങ്ങിയത്. 1.28 ലക്ഷം, 1.32 ലക്ഷം എന്നിങ്ങനെ വിലയുള്ള മൾട്ടി പർ‌പ്പസ് ടില്ലറുകളാണ് കാംകോയിൽ നിർമ്മിക്കുന്നത്. പമ്പ് സെറ്റ് ഘടിപ്പിക്കാവുന്നതും നെല്ലു കുത്താവുന്നതും നിലം ഒരുക്കുന്നതിനും ലോഡ് കയറ്റുന്നതും ഉൾപ്പടെ നിരവധി സംവിധാനങ്ങൾ ടില്ലറിലുണ്ട്. 16 മുതൽ 21കുതിരശക്തിയിൽ പ്രവ‌ർത്തിക്കുന്ന ടില്ലറുകളാണിവ. അസാമിന് പുറമേ തൃപുര, വെസ്റ്റ് ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ടില്ലറുകൾ കാംകോ വഴി കയറ്റി അയയ്ക്കുന്നുണ്ട്.