v
കനാൽ ബണ്ട് റോഡിൽ അപകടകരമായി നിൽക്കുന്ന പഞ്ഞിമരം.

കുറുപ്പംപടി: രായമംഗലം തട്ടാംപുറംപടിയിലെ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനുസമീപം പെരിയാർവാലി കനാൽബണ്ടിൽ നിൽക്കുന്ന പഞ്ഞിമരം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിൽ. നിലംപൊത്തിയാൽ വൻ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് ഭീതി. 80 അടിയോളം ഉയരമുള്ളതും തീരെ വണ്ണം കുറഞ്ഞതുമായ പഞ്ഞിമരത്തിൽ നിറയെ കായ്കളുമുണ്ട്. മരത്തിനു താങ്ങാവുന്നതിലധികം ഭാരം വഹിച്ചുകൊണ്ട് നിൽക്കുന്ന മരം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കൂടാതെ തടിയുടെ അടിവശം ദ്രവിച്ച നിലയിലാണ്.

സമീപത്തുകൂടി പോകുന്ന കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ കടന്നുപോകുന്നത്. യാത്രക്കാർക്കും സ്കൂൾകുട്ടികൾക്കും ഭീഷണിയായിട്ടാണ് പഞ്ഞിമരത്തിന്റെ നിൽപ്പ്. മരത്തിന്റെ കിഴക്കുവശം കീഴില്ലം കുറിച്ചിലക്കോട് റോഡും പടിഞ്ഞാറുവശം കനാൽ ബണ്ട് റോഡ് തെക്കുംവടക്കും നിരവധി സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. 11 കെ.വി ലൈനുകളും സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. മരം മറിഞ്ഞാൽ നിരവധി പോസ്റ്റുകളും ലൈനും പൊട്ടുമെന്നുറപ്പാണ്. സമീപത്തുള്ള എല്ലാവർക്കും ഒരുപോലെ ഭീഷണിയാണ് ഈ മരം.

ശക്തമായ കാറ്റും മഴയും വന്നാൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് പഞ്ഞിമരം നിൽക്കുന്നത്. അങ്ങനെ സംഭവിച്ചാൽ സമീപത്തുള്ള ഇലക്ട്രിക് ലൈൻ ഉൾപ്പെടെയുള്ളവയ്ക്ക് വലിയ നാശനഷ്ടമുണ്ടാക്കും. എത്രയും വേഗം അധികൃതർ ഇടപെട്ട് തീരുമാനം ഉണ്ടാക്കണം.

കെ .ജി . സുബ്രഹ്മണ്യൻ,

സെക്രട്ടറി, മൈത്രി റെസിഡന്റ്സ് അസോസിയേഷൻ

ഏതു നിമിഷവും നിലം പൊത്താറായി നിൽക്കുന്ന പഞ്ഞിമരം അടിയന്തരമായി മുറിച്ച് മാറ്റണം. ക്ലബിലേക്കോ സമീപത്തുള്ള കടകളിലേക്കോ ഇലക്ട്രിക് ലൈനിലേക്കോ മരംമറിഞ്ഞുവീണാൽ വലിയ നാശനഷ്ടമുണ്ടാകും. ശാശ്വത പരിഹാരം ഉണ്ടാക്കണം.

പി.പി. ദിനേശ്, സെക്രട്ടറി,

യുവധാര ക്ലബ്

തട്ടാംപുറംപടിയിൽ യുവധാര ക്ലബിന് സമീപത്തുള്ള പഞ്ഞിമരം അപകടാവസ്ഥയിലാണെന്ന് ശ്രദ്ധയിൽ പെട്ടിട്ടില്ല. ഉടനെ സ്ഥലംസന്ദർശിച്ച് ഉചിതമായ നടപടി പെരിയാർവാലിയുടെ ഭാഗത്തുനിന്നും ഉണ്ടാകും.

ബൈജു, പി.വി.ഐ.പി,

എക്സിക്യുട്ടീവ് എൻജിനീയർ