vattachal-thumbichal
കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണി

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പത്തേക്കറോളം വരുന്ന തുമ്പിച്ചാൽ ജലസംഭരണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക തൊഴിലാളി സമരത്തിനും കോടതി ഉത്തരവിനും 50 വർഷം. തുമ്പിച്ചാൽ സംരക്ഷിക്കണമെന്ന ആവശ്യം ഇനിയും യാഥാർത്ഥ്യമായിട്ടില്ല.
ഭൂപരിഷ്‌കരണ നിയമത്തെത്തുടർന്ന് 1968ൽ കർഷക തൊഴിലാളികൾ തുമ്പിച്ചാലിൽ വെള്ളം വറ്റിച്ച് കൃഷിയിറക്കിയിരുന്നു. ഭൂവുടമകൾ എതിർത്തതോടെ സംഘർഷമായി. വിഷയം നിയമസഭയിലുമെത്തി. കൈയേറ്റക്കാരെ ഒഴിപ്പിച്ചെങ്കിലും മാസങ്ങളോളം സ്ഥലം പൊലീസ് കാവലിലായി. വർഷങ്ങളോളം നീണ്ട വാദങ്ങൾക്കുശേഷം തുമ്പിച്ചാൽ ജലസംഭരണിയാണെന്നും സംരക്ഷണ ഉത്തരവാദിത്വം കീഴ്മാട് ഗ്രാമപഞ്ചായത്തിനാണെന്നും പെരുമ്പാവൂർ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുണ്ടായിട്ടും തുമ്പിച്ചാലും വട്ടച്ചാലും ഇപ്പോഴും നാശത്തിന്റെ വക്കിലാണ്.

 മാലിന്യകേന്ദ്രമായി ജലസംഭരണി

തുമ്പിച്ചാൽ ജലസംഭരണിയാണ് ചെറുകേലിനട, ബലിപ്പറമ്പ്, മനക്കക്കാട്, അമ്പലപ്പറമ്പ്, ഡോൺബോസ്‌കോ, സൗത്ത് ചാലയ്ക്കൽ എന്നീ പ്രദേശങ്ങളിലെ കിണറുകളെ കനത്ത വേനലിലും ഉറവ വറ്റാതെ സംരക്ഷിക്കുന്നത്. എന്നാലിപ്പോൾ ചെളിയും പുല്ലും വിഷമാലിന്യങ്ങളും നിറഞ്ഞ് നശിക്കുകയാണ്. പത്തേക്കറുണ്ടായിരുന്ന തുമ്പിച്ചാൽ മൂന്നരഏക്കറായി ചുരുങ്ങി. മാറിവന്ന ഭരണസമിതികളെല്ലാം ജലസംഭരണിയെ അവഗണിച്ചു. കുട്ടമശേരി ഡോ. അംബേദ്കർ ലൈബ്രറി സമരമാരംഭിച്ചതിനെ തുടർന്ന് 2004ൽ കൈയേറ്റക്കാരെ ഒഴിപ്പിച്ചു. ഗ്രാമ - ജില്ലാ പഞ്ചായത്തുകളിൽനിന്നായി ആറുലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ചു. എന്നിലിപ്പോൾ വീണ്ടും മാലിന്യകേന്ദ്രമായി. കെട്ടിസംരക്ഷിക്കാൻ നടപടികളുണ്ടായില്ല. 2009ൽ മത്സ്യക്കൃഷിയാരംഭിച്ചെങ്കിലും വെറുതെയായി. കൈയേറ്റവും മലിനീകരണവുമാണ് തുമ്പിച്ചാലിനെ നശിപ്പിക്കുന്നത്. മാലിന്യമൊഴുക്ക് തടയണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
വിഷയത്തിൽ ഓംബുഡ്‌സ്‌മാൻ ഇടപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. പരാതിയെത്തുടർന്ന് പൊല്യൂഷൻ കൺട്രോൾബോർഡ് അടുത്തിടെ വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

 ടൂറിസം സാദ്ധ്യതയേറെ

പ്രഭാതസവാരിക്കും സായാഹ്നം ആസ്വാദിക്കാനും നിരവധിയാളുകൾ എത്തുന്ന സ്ഥലമാണിത്. വിശാലമായ പാടശേഖരങ്ങൾക്ക് നടുവിലുള്ള തുമ്പിച്ചാലും സമീപമുള്ള റോഡും ജനങ്ങളെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാക്കാൻ കഴിയും. വാർഡ് മെമ്പർ ടി.ആർ. രജീഷിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

 നടപടിയെടുക്കും പഞ്ചായത്ത്

തുമ്പിച്ചാലും വട്ടച്ചാലും സംരക്ഷിച്ച് ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ പറഞ്ഞു. ഇതിനായി വിവിധ സർക്കാർ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.

 തുമ്പിച്ചാൽ വട്ടച്ചാൽ സംരക്ഷണ കൂട്ടായ്മ

ചാലയ്ക്കൽ ഡോ.അംബേദ്കർ സ്മാരക ലൈബ്രറി തുമ്പിച്ചാൽ വട്ടച്ചാൽ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ടി.ആർ. രജീഷ്, സതീശൻ കുഴിക്കാട്ടുമാലി, പി.ഐ. സമീരണൻ, പി.ഇ. സുധാകരൻ, സരള വള്ളോൻ തുടങ്ങിയവർ സംസാരിച്ചു.