water
നഗരസഭ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ എ.ടി.എം

അങ്കമാലി: 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അങ്കമാലി നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മൂന്ന് വാട്ടർ വെൻഡിംഗ് മെഷീനും നോക്കുകുത്തിയായി. നഗരസഭാ കവാടത്തിലിരിക്കുന്ന വാട്ടർ എ.ടി.എമ്മിൽ കൗതുകംതോന്നി തൊട്ടാൽ ഷോക്കുമടിക്കും.

അങ്കമാലി നഗരസഭാ കവാടത്തിലും താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ പാർക്കിലും എത്തുന്നവർക്ക് ശീതീകരിച്ചതും അല്ലാത്തതുമായ ശുദ്ധജലം ലഭ്യമാക്കുന്നതിനായാണ് വാട്ടർ എ.ടി.എം എന്ന ഓമനപ്പേരിൽ മൂന്ന് വെൻഡിംഗ് മെഷീൻ നഗരസഭ സ്ഥാപിച്ചത്. ഒരുരൂപ നാണയമിട്ടാൽ ഒരുലിറ്റർ വെള്ളംകിട്ടുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. എന്നാൽ മൂന്ന് മെഷീനുകളും നിലവിൽ പ്രവർത്തിക്കുന്നില്ല.

2018 -19 പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യകമ്പനിയിൽനിന്നാണ് വാട്ടർ വെൻഡിംഗ്

മെഷീനുകൾ വാങ്ങിയത്. നഗരസഭാ കവാടത്തിലും താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ പാർക്കിലുമാണ് ഇവ സ്ഥാപിച്ചത്. കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനം. എന്നാൽ മൂന്നു വെൻഡിംഗ് മെഷീനുകളും മൂന്നുമാസംപോലും പ്രവർത്തിച്ചിട്ടില്ല.

ഓരോന്നിനും 4ലക്ഷംരൂപവീതം മുടക്കിയാണ് മെഷീനുകൾ വാങ്ങിയത്. രണ്ട് വാട്ടർ ടാപ്പുകൾ വീതമാണ് ഓരോമെഷീനിലും സെറ്റ് ചെയ്തിരിക്കുന്നത്. ഒറ്റരൂപനാണയമിട്ട് പച്ചബട്ടൻ അമർത്തിയാൽ ഇടതുവശത്ത് തണുത്തവെള്ളവും വലതുവശത്തുനിന്ന് സാധാരണ വെള്ളവും ലഭിക്കുമായിരുന്നു. നഗരസഭയുടെ മുന്നിലെ കവാടത്തോട് ചേർന്ന് ഭംഗിയുള്ള കവചം ഉണ്ടാക്കിയാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. ഇത് തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. വെൻഡിംഗ് മെഷീനുകൾ പ്രവർത്തനക്ഷമമാക്കാൻ നഗരസഭ അധികതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

മെഷീൻ സ്ഥാപിച്ച കമ്പനിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. നാണയമിട്ട് വെള്ളമെടുക്കുന്ന പദ്ധതി പ്രാവർത്തികമല്ല. കമ്പനി നേരത്തെ പറഞ്ഞത് ഇവയുടെ പ്രവർത്തനത്തിന് കുടുംബശ്രീ അംഗങ്ങളെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തണമെന്നാണ്. അതിന് കഴിയില്ല. പ്രായോഗികമായി എന്തുചെയ്യാനാകുമെന്ന് കമ്പനിഅധികൃതരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കും.

റെജി മാത്യു, നഗരസഭ ചെയർമാൻ

പല സ്ഥലങ്ങളിലും വാട്ടർ എ.ടി.എം വച്ചിട്ടുണ്ടെങ്കിലും പരാതികൾ വന്നിട്ടില്ല. ഇവിടെ പലതരം നാണയങ്ങൾ ഉയോഗിക്കുന്നതുകൊണ്ടാകാം പ്രവർത്തിക്കാത്തത്. നഗരസഭ ഇതുവരേയും പരാതി നൽകിയിട്ടില്ല. ഇതിന്റെ പ്രവർത്തനം ശ്രദ്ധിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്തണം.

കമ്പനി അധികൃതർ