ആലുവ: എട്ട് വർഷത്തിലേറെയായി അനശ്ചിതത്വത്തിലായി കിടക്കുന്ന ആലുവ മാർക്കറ്റ് നിർമ്മാണത്തിന് വീണ്ടും പ്രത്യാശയുടെ തിരിനാളം തെളിയുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.സി.എ.ഡി.സി) മാനേജിംഗ് ഡയറക്ടർ ഷെയ്ക്ക് പരീത്, ചീഫ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചു.

അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവരുടെ ശ്രമഫലമായി ഈ വർഷത്തെ ബഡ്ജറ്റിൽ പദ്ധതിക്ക് ടോക്കൺ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് സ്ഥലം സന്ദർശനം.

തുടർന്ന് നഗരസഭ ഓഫീസിലെത്തി നിലവിൽ തയ്യാറാക്കിയ മാർക്കറ്റ് രൂപരേഖ സംഘം പരിശോധിച്ചു. മാർക്കറ്റിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം സ്ഥാപനം ഏറ്റെടുക്കുമെന്ന് എം.ഡി ഷെയ്ക്ക് പരീത് ഉറപ്പുനൽകി. പദ്ധതി എത്രയും വേഗം സർക്കാർ സഹായത്തോടെ യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കുമെന്നും അൻവർ സാദത്ത് എം.എൽ.എ, ചെയർമാൻ എം.ഒ ജോൺ എന്നിവർ അറിയിച്ചു.

അൻവർ സാദത്ത് എം.എൽ.എ, ചെയർമാൻ എം.ഒ. ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, മിനി ബൈജു, കൗൺസിലർമാരായ ഗെയിൽസ് ദേവസ്സി പയ്യപ്പിള്ളി, ജെയ്‌സൺ മേലേടത്ത്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, രൂപരേഖ തയ്യാറാക്കിയ സ്ഥപതി കമ്പനി പ്രതിനിധി അംജദ് എന്നിവരും പങ്കെടുത്തു. 2014ൽ എം.ടി. ജേക്കബ് നഗരസഭ ചെയർമാനായിരിക്കെയാണ് വാടകക്കാരെ ഒഴിപ്പിച്ച് നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചത്.