തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ കൃഷിക്കും അടിസ്ഥാന വികസനത്തിനും ഊന്നൽ നൽകുന്ന 2022- 23 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അവതരിപ്പിച്ചു. 177,73,48,334 കോടി വരവും 167,75,73,100 കോടി ചെലവുമുള്ളതാണ് ബഡ്ജറ്റ്. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ഏറ്റവും കൂടുതൽ തുക ക്ഷീരവികസന പദ്ധതിക്കായി നീക്കിവെച്ചു. അമൃത 2.0, അർബൻ അഗ്ലോമെറേഷൻ പദ്ധതികളെ പ്രയോജനപ്പെടുത്തി ഇരുമ്പനം, എരൂർ വടക്കുഭാഗം, തൃപ്പൂണിത്തറ തെക്കുംഭാഗം, ചാത്താരി പ്രദേശം എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കാനായി 17 കോടിയും പൂനിലാവ് പദ്ധതി പ്രകാരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിനായി 25 ലക്ഷവും എൽ.ഇ.ഡി ബൾബ്‌ നിർമ്മാണത്തിനായി 5 യൂണിറ്റുകൾക്ക് 25 ലക്ഷവും കാൽനട സൗഹൃദമാക്കാൻ മോഡൽ കോറിഡോർ നിർമ്മാണത്തിന് 25 ലക്ഷവും ക്രിമറ്റോറിയം നവീകരണത്തിനായി 50 ലക്ഷവും കൂൾ എന്ന പേരിലുള്ള മൾട്ടിലെവൽ പാർക്കിംഗിനായി 75 ലക്ഷവും ന്യൂനപക്ഷ കൂട്ടായ്മയായ ജെൻഡർ ക്ലബ്ബിന് 20 ലക്ഷവും നഗരസഭയിലെ 49 വാർഡുകളിലെ പൊതു റോഡുകൾ, കാനകൾ, കലുങ്കുകൾ എന്നിവയ്ക്കായി നാലു കോടിയും ചമ്പക്കര പാലത്തിന്റെ അനുബന്ധ റോഡുകൾക്ക് 50 ലക്ഷവും വകയിരുത്തിയിരിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് 25 ലക്ഷവും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് ഒരു കോടിയും കാന ശുദ്ധീകരണത്തിന് 40 ലക്ഷവും താലൂക്കാശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 25 ലക്ഷവും വകയിരുത്തി. തോടുകൾ, കുളങ്ങൾ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും 50 ലക്ഷവും എൽ.ഇഡി.ഡി, മിനി മാസ്റ്റ്‌ ലൈറ്റുകൾക്ക് 30 ലക്ഷവും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ബങ്കുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷവും ഓപ്പൺ ജിമ്മുകൾ, ടർഫുകൾ എന്നിവ സ്ഥാപിക്കാൻ 60 ലക്ഷവും പച്ചക്കറി വിത്ത്, തൈകൾ, അഗ്രോ നഴ്സറി എന്നിവയ്ക്ക് 10 ലക്ഷവും പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും അവരുടെ കുട്ടികളുടെ വിവാഹ പഠന സഹായത്തിനും നാലു കോടിയും ലൈബ്രറി വികസനത്തിന് 18 ലക്ഷവും, താലൂക്ക് ആശുപത്രിക്കും ആരോഗ്യ വികസനത്തിനുമായി ഒന്നരക്കോടിയും, മൃഗസംരക്ഷണത്തിന് 46 ലക്ഷവും ഐ.എ.എസ് ഐ.പി.എസ് കോച്ചിംഗിന് 10 ലക്ഷവും എന്നിങ്ങനെയാണ് ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ. പുതിയ ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ബഡ്ജറ്റിനെ കുറിച്ചുള്ള ചർച്ച 26 ന് രാവിലെ 11ന് നടക്കും.