ആലുവ: ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി ഒമ്പതുകോടി രൂപ നീക്കി വച്ച് കീഴ്മാട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിന് അംഗീകാരം. ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി എട്ടുകോടിയും കൃഷി, മൃഗ സംരക്ഷണ മേഖലക്ക് 1.22 കോടിയും പട്ടികജാതി, പട്ടികവർഗ വികസനം, വനിതാശിശുക്ഷേമം ഇനങ്ങളിൽ 81 ലക്ഷവും വകയിരുത്തി. മൂന്നുകയ്യാണിച്ചിറ, തുമ്പിച്ചാൽ വട്ടച്ചാൽ സംരക്ഷണ പഠനത്തിനായും താമരക്കൃഷിക്കും ജൈവവൈവിദ്ധ്യ രജിസ്റ്റർ പുതുക്കുന്നതിനും അഞ്ചുലക്ഷം രൂപ നീക്കിവെച്ചു. അങ്കണവാടികൾക്ക് സ്ഥലം വാങ്ങുന്നതിന് ഒരു കോടിയും പൊതുമരാമത്ത് പ്രവൃത്തികൾക്ക് 4.75 കോടിയും ക്ലീൻ കീഴ്മാട് പദ്ധതിക്കായി 1.5 കോടിയും മാറ്റിവെച്ചു. കുടിവെള്ള പദ്ധതികൾക്കായി 20 ലക്ഷവും വകയിരുത്തി. വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു.