കൊച്ചി: മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 'തൊഴിലാളിശ്രേഷ്ഠ' പുരസ്‌കാരം ജില്ലയിൽ നാല് പേർക്ക്. മോട്ടോർ വർക്കർ അൻസാർ കൊച്ചി (മുഹമ്മദ് നാസർ), കയർ തൊഴിലാളി കെ.ജി. സുശീല, നിർമ്മാണ തൊഴിലാളി പി.ജി. ജോസ്, നഴ്സ് നിഷ സന്തോഷ് എന്നിവർക്കാണ് പുരസ്‌കാരം.
ഇന്ന് എറണാകുളം ടൗൺ ഹാളിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരങ്ങൾ സമ്മാനിക്കും.തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിക്കുക.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ എം. അനിൽകുമാർ, എം.പിമാരായ ഹൈബി ഈഡൻ, എളംമരം കരീം, ആർ.പി.എൽ മാനേജിംഗ് ഡയറക്ടർ ഡോ.ആർ. അടലരശൻ എന്നിവർ സംബന്ധിക്കും.
നിഷ സന്തോഷ്
21 വർഷമായി ആരോഗ്യ രംഗത്ത് സജീവമാണ് നിഷ സന്തോഷ്. 13 വർഷമായി ആലുവ കാർമൽ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ആരോഗ്യരംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കൊരട്ടി കല്ലറയ്ക്കൽ വീട്ടിൽ സന്തോഷ് തോമസാണ് ഭർത്താവ്.
കെ.ജി. സുശീല
മികച്ച കയർ തൊഴിലാളിക്കുള്ള അവാർഡിന് അർഹയായത് 31 വർഷമായി ഈ മേഖലയിലുള്ള കെ.ജി. സുശീലയാണ്. പറവൂർ വടക്കേക്കര പൊടിയന്തറ വീട്ടീൽ പരേതനായ ഗോപിയുടെയും കയർ തൊഴിലാളി ലീലയുടെയും മകളാണ്.
പി.ജി. ജോസി
25 വർഷമായി കൽപ്പണി ചെയ്യുന്ന പറവൂർ പാറയ്ക്കൽ വീട്ടിൽ പി.ജി.ജോസിക്കാണ് മികച്ച നിർമ്മാണ തൊഴിലാളിക്കുള്ള പുരസ്‌കാരം. ഷൈനി ജോസിയാണ് ഭാര്യ.
അൻസാർ കൊച്ചി
ടാക്‌സി ഡ്രൈവറായ ചുള്ളിക്കൽ ചീരിക്കാട് വീട്ടിൽ അൻസാർ കൊച്ചി എന്നറിയപ്പെടുന്ന മുഹമ്മദ് നാസറാണ് സംസ്ഥാനത്തെ മികച്ച മോട്ടോർ തൊഴിലാളി. 25 വർഷമായി ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന അൻസാർ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമാണ്. അനിതയാണ് ഭാര്യ.