കൊച്ചി: ഇടപ്പള്ളിയിലെ വീട്ടിൽ ജോലിക്ക് നിന്ന കർണാടകക്കാരി പെൺകുട്ടി ആറര വർഷം അനുഭവിച്ചത് അടിമജീവിതം. എളമക്കര ചങ്ങമ്പുഴ റോഡ് പാവോത്തിത്തറ പോളിന്റെ (58) വീട്ടിലാണ് 2015 മുതൽ പെൺകുട്ടി ലൈംഗിക പീഡനം ഉൾപ്പെടെ നേരിട്ടത്.

രണ്ട് ദിവസം മുമ്പ് ശാരീരിക പീഡനം സഹിക്കവയ്യാതെ അയൽവീട്ടിൽ അഭയം തേടിയതിനെ തുടർന്ന് എളമക്കര പൊലീസ് പോളിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യ സെലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ മുൻകൂർ ജാമ്യം തേടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സെലിൻ ഇടപ്പള്ളി വനിതാ ക്ഷേമ സമിതിയുടെ അദ്ധ്യക്ഷയായിരുന്നുവെന്നാണ് പറയുന്നത്. പക്ഷേ ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് സമീപവാസികൾക്ക് അറിയില്ല. ചങ്ങമ്പുഴ റോഡ് റെസിഡൻസ് അസോസിയേഷൻ മുൻ സെക്രട്ടറിയാണ് സെലിൻ.

2015ൽ പെൺകുട്ടിക്ക് 14 വയസുള്ളപ്പോഴാണ് കർണാടകയിൽ നിന്ന് പെൺകുട്ടിയെ ഇവർ കൊണ്ടുവന്നത്. ഇപ്പോൾ 20 വയസുണ്ട്. ആദ്യകാലത്ത് തന്നെ പോൾ പെൺകുട്ടിയെ ലൈംഗികമായി പലവട്ടം പീഡിപ്പിച്ചു. ഇക്കാര്യം പെൺകുട്ടി സെലിനെ അറിയിച്ചിരുന്നു. അതിന് ശേഷം ആ ശല്യം കുറഞ്ഞെങ്കിലും ഭാര്യയും ഭർത്താവും പെൺകുട്ടിയെ അടിമയെപ്പോലെയാണ് കണ്ടത്. ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഗതികെട്ടാണ് ഇത്രയും നാൾ പീഡനമെല്ലുാം പെൺകുട്ടി സഹിച്ചത്. വീട്ടിലെ സകല ജോലികളും ചെയ്തിരുന്നത് അനാരോഗ്യവതിയായ പ്രായത്തിനനുസരിച്ച് വളർച്ചയില്ലാത്ത കുട്ടിയാണ്. ഒമ്പതാം ക്ളാസുവരെ പഠിച്ചിട്ടുണ്ട്. അമ്മയുടെ മരണശേഷം അച്ഛൻ രണ്ടാം വിവാഹം കഴിച്ചതാണ്. അവിടെയും ഇവൾക്ക് കഷ്ടപ്പാടായിരുന്നു.

കർണാടകയിൽ നിന്ന് കുട്ടിയുടെ ബന്ധുക്കൾ ഇന്നെത്തുമെന്ന് കരുതുന്നതായി എളമക്കര ഇൻസ്പെക്ടർ സാബുജി പറഞ്ഞു. പെൺകുട്ടിയെ എറണാകുളത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.