കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ മലങ്കര ചർച്ച് ബില്ലിൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോതമംഗലം മാർതോമൻ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ കേന്ദ്രസേനയുടെ സഹായം തേടണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ സർക്കാർ അപ്പീലിലാണ് ഇക്കാര്യം അറിയിച്ചത്. കോതമംഗലം പള്ളി കൈമാറുന്ന വിഷയത്തിൽ മാർച്ച് 19നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നിയമമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ, നിയമസെക്രട്ടറി തുടങ്ങിയവർ യോഗം ചേർന്നെന്നും ഈ ഉന്നതതല യോഗത്തിലാണ് ബില്ലിൽ ജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചതെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ 30 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. ഇതു പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ മേയ് 23 നു പരിഗണിക്കാൻ മാറ്റി.