മൂന്നു പേർക്ക് പരിക്ക്
കൊച്ചി: കെ-റെയിൽ സർവ്വേയെ തുടർന്ന് പിറവം മണീട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ മുതൽ ഇവിടെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും സർവ്വേ തടയാൻ കാത്തുനിന്നിരുന്നു. ഉച്ചയ്ക്ക് ഇവർ പിരിഞ്ഞ ശേഷമാണ് രണ്ടരയോടെ കാറിൽ നാല് ഉദ്യോഗസ്ഥർ സർവ്വേക്ക് എത്തിയത്. പിന്നാലെ വലിയ പൊലീസ് സംഘവുമെത്തി. പാടത്ത് സർവ്വേ നടത്താനായി ഉപകരണവുമായി ഇറങ്ങിയപ്പോൾ അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ്, കേരള കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും എതിർത്തു. സർവ്വേ നടത്തുന്ന ജി.പി.എസ് ഉപകരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രാജന്റെ കൈക്ക് പരിക്കേറ്റു. ഉന്തിലും തള്ളിലും മറിഞ്ഞു വീണ കോൺഗ്രസ് മുളന്തുരുത്തി ബ്ളോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തിക്കും അനിത സജീവിനും പരിക്കുണ്ട്.
ഉദ്യോഗസ്ഥർ എത്തിയ ടാക്സി കാർ അര മണിക്കൂറോളം പ്രതിഷേധക്കാർ തടഞ്ഞിട്ടു. കാറിന് കേടുപാടുണ്ട്. സർവ്വേ നടത്തില്ലെന്ന് പൊലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരക്കാർ പിന്മാറിയത്. സർവ്വേക്കല്ലുകൾ ഇല്ലാതെയാണ് സംഘം ഇന്നലെ ഇവിടെയെത്തിയത്. രഞ്ജിത്ത് രാജനെയും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയിയെയും കസ്റ്റഡിയിലെടുക്കാനുളള ശ്രമം ശക്തമായ എതിർപ്പിനെ തുടർന്ന് പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.
പിറവും പ്രദേശത്ത് 490 ഓളം വീടുകൾ നഷ്ടമാകുന്നതിനാൽ ജനങ്ങൾ സ്വമേധയാ സമരരംഗത്തിറങ്ങുകയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. എന്തുവിലകൊടുത്തും ജനവിരുദ്ധമായ പദ്ധതി തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.