തൃക്കാക്കര: കോൺഗ്രസ് കൗൺസിലറുടെ വാർഡിലേക്ക് എട്ടുലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് വാങ്ങിക്കൊടുക്കാനുളDള ചെയർപേഴ്സന്റെ ശ്രമം പാളി. തൃക്കാക്കര നഗരസഭ നിലംപതിഞ്ഞിമുകൾ വാർഡിലെ ലക്ഷംവീട് കോളനി പുനർനിർമ്മാണ കമ്മിറ്റിയുടെ പേരിൽ സി.എസ്.ആർ നൽകണമെന്ന ചെയർപേഴ്സൺ അജിത തങ്കപ്പന്റെ കത്ത് ബാങ്ക് അധികൃതർ നിരാകരിച്ചു.

പദ്ധതിക്കായി ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് അനുവദിക്കണമെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ കഴിഞ്ഞ ദിവസം നഗരസഭയുടെ പണമിടപാട് നടത്തുന്ന ബാങ്കിൽ കത്ത് നൽകിയിരുന്നു.എന്നാൽ തുക കമ്മിറ്റിയുടെ പേരിൽ നൽകാനാവില്ലെന്ന് ബാങ്ക് അധികൃതർ നഗരസഭയെ അറിയിച്ചു. പണം നഗരസഭയുടെ പേരിലെ നൽകാനാവൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെ ചെയർപേഴ്സൺ കത്ത് നൽകിയതിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർ എം.ജെ.ഡിക്സന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.യു.ഡി.എഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ചർച്ചചെയ്യാതെ ചെയർപേഴ്സൺ കത്ത് നൽകിയതിനെതിരെ ഒരുവിഭാഗം യു.ഡി.എഫ് കൗൺസിലർമാരും രംഗത്തെത്തിയിരുന്നു.