
പറവൂർ: കായിക-കലാ-സാമൂഹ്യരംഗങ്ങളിൽ ആറര പതിറ്റാണ്ട് സജീവസാന്നിദ്ധ്യമായിരുന്ന പറവൂർ കനാൽ റോഡ് 'സിത്താര'യിൽ പ്രൊഫ. എം.എസ്. കോമളൻ (88) നിര്യാതനായി. മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിംഗ് കോളേജ്, മാല്യങ്കര എസ്.എൻ.എം. കോളേജ് എന്നിവിടങ്ങളിൽ കായിക വകുപ്പ് മേധാവിയായിരുന്നു. എസ്.എൻ.എം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ, ജില്ലാ വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, പറവൂർ 'ഫാസ' സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1974-90 കാലഘട്ടങ്ങളിൽ ജില്ലയിലെ പ്രധാന വോളിബാൾ ടൂർണമെന്റുകളുടെ റഫറിയും വോളിബാൾ പരിശീലകനുമായിരുന്നു. 1990ൽ കേരള സർവ്വകലാശാലയുടെ വോളിടീം മാനേജരായി. 1978ൽ പറവൂരിൽ ആദ്യമായി ദേശീയ ജൂനിയർ വോളിബാൾ ടൂർണമെന്റ് നടത്തിയപ്പോൾ സംഘാടക സമിതി ജനറൽ കൺവീനറായിരുന്നു. റേഡിയോ നാടകങ്ങളുടെ സുവർണ കാലത്ത് ആകാശവാണിയിൽ ഒട്ടേറെ നാടകങ്ങളിൽ പ്രധാന കഥാപാത്രമായി ശബ്ദം നൽകി. ലില്ലിപ്പൂക്കൾ എന്ന സിനിമയ്ക്കും ശബ്ദം നൽകിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട് സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും ഔദ്യോഗിക ജോലിയിൽ നിന്ന് വിട്ടുപോകാൻ തയ്യാറായില്ല. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: എം.കെ. സാവിത്രി (റിട്ട. അദ്ധ്യാപിക, പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ). മക്കൾ: സിനിയ (റിട്ട. അദ്ധ്യാപിക, വടക്കാഞ്ചേരി), ഡോ. സിബി കോമളൻ (അസോസിയേറ്റ് പ്രൊഫസർ, മാല്യങ്കര എസ്.എൻ.എം. കോളേജ്), ചിപ്പി (പോണ്ടിച്ചേരി), ഡിക്കി (ഫ്ളോറിഡ). മരുമക്കൾ: കേരള ദാസൻ (റിട്ട. ഇറിഗേഷൻ വകുപ്പ്), വി.വി. മുരളി (കാംകോ), രാജൻ(പോണ്ടിച്ചേരി), ഓദമം (ഫ്ളോറിഡ).