expo
ഏപ്രിൽ 18മുതൽ 25വരെ നടക്കുന്ന സഹകരണ എക്‌സപോയുടെ സംഘാടക സമിതി യോഗം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിന്റെ സഹകരണ മേഖലയുടെ വളർച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവി പദ്ധതികൾ അവതരിപ്പിക്കുന്നതുമായ 'സഹകരണ എക്സ്പോ 2022' എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 18മുതൽ 25വരെ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. എറണാകുളം ബി.ടി.എച്ചിൽ സഹകരണ എക്സ്പോ സംഘാടക സമിതി രൂപീകരണയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയിൽ അപ്പക്സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. സെമിനാറുകൾ, സംസ്‌ക്കാരിക പരിപാടികൾ, സിമ്പോസിയങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ടാകും. വിപുലമായ ഫുഡ്കോർട്ടും ഒരുക്കും.

എറണാകുളം ബി.ടി.എച്ചിൽ നടന്ന സംഘാടക സമിതിയോഗത്തിൽ ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, മുൻ മന്ത്രി എസ്. ശർമ്മ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി.ബി നൂഹ്, ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ, സബ് കളക്ടർ പി.വിഷ്ണുരാജ് സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.