തൃക്കാക്കര: തൃക്കാക്കര സഭ മാലിന്യ സംസ്കരണ പ്ലാന്റിന് സ്ഥലം വാങ്ങുന്നതിനായി ചെയർപേഴ്സന്റെ നേതൃത്വത്തിൽ തൃക്കാക്കരയിലും പുറത്തുമായി സ്ഥലം സന്ദർശിക്കാൻ പോയത് യു.ഡി.എഫിൽ ഭിന്നത. കഴിഞ്ഞ ദിവസം നഗരസഭാ ബഡ്ജറ്റ് അവതരണത്തിന് ശേഷം ചെയർപേഴ്സൺ അജിത തങ്കപ്പൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപളളി,നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ,അസിസ്റ്റന്റ് എസ്‌സിക്യൂട്ടീവ് എൻജിനീയർ സുജാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശനത്തിന് പോയത്. എന്നാൽ ക്യാബിനിലുണ്ടായിരുന്ന വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, വികസനകാര്യാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്മിത സണ്ണി എന്നിവരെ അറിയിച്ചിരുന്നില്ല.
സന്ദർശനം കഴിഞ്ഞ് തിരികെയെത്തിയതോടെ സന്ദർശത്തെച്ചൊല്ലി വൈസ് ചെയർമാൻനും,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും തമ്മിൽ വാക്കേറ്റമുണ്ടായി. സ്റ്റിയറിംഗ് കമ്മിറ്റി അറിയാതെ സ്ഥലം കാണാൻ പോയതിനെതിരെ യു.ഡി.എഫിലെ ഒരുവിഭാഗം കൗൺസിലർമാരും രംഗത്തെത്തി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം,തെങ്ങോട്,തുടങ്ങി അഞ്ചോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. തെങ്ങോട് രണ്ടു സ്ഥലങ്ങളിലായി കണ്ടെത്തിയത് പാടശേഖരമായിരുന്നു.ഇന്നലെ ചേർന്ന യു.ഡി.എഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. കമ്മിറ്റി അറിയിച്ചുകൊണ്ട് മുന്നോട്ട് പോകാൻ യോഗത്തിൽ ധാരണയായി.