 
മട്ടാഞ്ചേരി: എൻജിൻ നിലച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ മണ്ണുമാന്തി കപ്പൽ കൊച്ചി അഴിമുഖത്ത് മണ്ണിൽ പുതഞ്ഞു. കപ്പൽ ഗതാഗതത്തിന് തടസ്സമില്ല. ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (ഡി.സി.ഐ) യുടെ 'ഡി.സി 19' എന്ന കപ്പലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ മണ്ണിൽ ഉറച്ചത്. തുറമുഖത്ത് നിന്ന് ചെളിയുമായി പുറംകടലിലേക്ക് പോകവേയാണ് സംഭവം. തുറമുഖ ട്രസ്റ്റിന്റെ രണ്ട് ടഗ്ഗുകളെത്തി കപ്പലിനെ നീക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. എൻജിൻ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കപ്പൽ നങ്കൂരമിട്ടതായും ആശങ്കകൾ ഒഴിവായതായും ഡി.സി.ഐ വൃത്തങ്ങൾ പറഞ്ഞു. തുറമുഖത്ത് ആറ് വർഷമായി ഡി.സി.ഐയാണ് കപ്പൽചാൽ ആഴം കൂട്ടൽ പ്രവർത്തനം നടത്തുന്നത്. എസ്.ഐ. സാജുവിന്റെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.