ആലുവ: രണ്ട് കോടി രൂപ അനുവദിച്ച് ഒന്നര വർഷമായിട്ടും ബി.എം ബി.സി ടാറിംഗ് അനിശ്ചിതത്വത്തിലാക്കിയ എടയപ്പുറം റോഡിൽ കിൻഫ്രയിലേക്കുള്ള ഭൂഗർഭ പൈപ്പിടൽ ആരംഭിച്ചു. പൈപ്പിടൽ പൂർത്തീകരിച്ച ശേഷം ടാറിംഗ് നടത്തിയാൽ മതിയെന്ന് കാണിച്ച് കിൻഫ്രയും വാട്ടർ അതോറിട്ടിയും നൽകിയ കത്താണ് എടയപ്പുറം റോഡിന്റെ ടാറിംഗ് അനിശ്ചിതത്വത്തിലാക്കിയത്.
കിൻഫ്ര - ഇൻഫോ പാർക്ക് പൈപ്പിടൽ വൈകിയത്് എടയപ്പുറം റോഡിന്റെ ടാറിംഗിന് പാരയായി. പൈപ്പ് സ്ഥാപിക്കൽ വൈകുന്നതിനെതിരെ പ്രതിഷേധമുയർന്നതോടെ അൻവർ സാദത്ത് എം.എൽ.എയും വിഷയത്തിൽ ഇടപ്പെട്ടു. തുടർന്നാണ് പൈപ്പിടൽ ഉടൻ ആരംഭിക്കാൻ തീരുമാനമായത്. കഴിഞ്ഞ ദിവസം റോഡിന്റെ ഭൂഗർഭ പരിശോധന നടന്നു. ആവശ്യമായ പൈപ്പുകളും പല ഭാഗത്തായി ഇറക്കിയിട്ടുണ്ട്. രണ്ട് മാസത്തിനകം പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡ് പി.ഡബ്ളിയു.ഡിക്ക് കൈമാറും. തൊട്ടുപിന്നാലെ ബി.എം.ബി.സി ടാറിംഗ് ആരംഭിക്കാനാണ് തീരുമാനം.
തോട്ടുമുഖത്ത് പ്രത്യേക പ്ലാന്റ് സ്ഥാപിച്ച് എടയപ്പുറം, എൻ.എ.ഡി റോഡ് വഴി കിൻഫ്ര പാർക്കിലേക്ക് വെള്ളം എത്തിക്കുന്നതാണ് കിൻഫ്ര കുടിവെള്ളപദ്ധതി.
കീഴ്മാട് പഞ്ചായത്തിൽപ്പെട്ട ജി.ടി.എൻ കവല മുതൽ കുട്ടമശേരി വരെയുള്ള മറ്റൊരു റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് ആരംഭിച്ച് പാതിവഴിയിലെത്തിയപ്പോഴാണ് വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കണമെന്ന നിർദ്ദേശവുമായെത്തിയത്. ഇതേതുടർന്ന് അയ്യൻകുഴി ക്ഷേത്രം മുതൽ കുട്ടമശേരി വരെയുള്ള ടാറിംഗ് നാല് വർഷത്തിലേറെ മുടങ്ങി.
പിന്നീട് പുനരാരംഭിച്ചപ്പോൾ അവശേഷിച്ച തുകയിൽ ടാറിംഗ് പൂർത്തീകരിക്കാനായില്ല. അധികപണം ചോദിച്ചെങ്കിലും സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചതുമില്ല. ഇതേതുടർന്ന് 500 മീറ്ററോളോളം ടാറിംഗ് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള എടയപ്പുറം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് 2020 ഒക്ടോബറിലാണ് ഭരണാനുമതി ലഭിച്ചത്.