കടമക്കുടി: പിഴല - മൂലമ്പിള്ളി പാലം നിർമ്മാണത്തിന്റെ ഭാഗമായി നിക്ഷേപിച്ചിരുന്ന മണ്ണ് നീക്കുന്നതിന്റെ മറവിൽ പുഴയിൽ നിന്ന് മണൽ കടത്തുന്നത് കടമക്കുടി പഞ്ചായത്ത് അധികൃതർ തടഞ്ഞു. പാലത്തിന്റെ തൂണുകൾക്കായി കുഴിയെടുത്തും പൈലിംഗ് നടത്തിയുമുണ്ടായ മണ്ണ് നീക്കാൻ ജിഡയും കൺസ്ട്രക്ഷൻ കോർപ്പറേഷനും നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുത്തായി പരാതി ഉയർന്നതിനെതുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഹൈമ്പൻ അഗസ്റ്റിൻ, സജീനി ജ്യോതിഷ്, എം.എസ്. ആന്റണി, ബഞ്ചമിൻ, ജയ്നി സെബാസ്റ്റിൻ, മനു ശങ്കർ എന്നിവർ സ്ഥലം സന്ദർശിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ മണ്ണ് നീക്കരുതെന്ന് കമ്പനിക്ക് നിർദ്ദേശം നൽകി.