മൂവാറ്റുപുഴ: നീർച്ചാലുകളുടെ ശ്രംഖലകൾ പൂർണ്ണമായും വീണ്ടെടുത്ത് നീരൊഴുക്ക് പുനസ്ഥാപിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് നഗരസഭ 'തെളിനീർ ഒഴുകും മൂവാറ്റുപുഴ' പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ ഭാഗമായി മുഴുവൻ കൈവഴികളും മാലിന്യ മുക്തമാക്കി ശുദ്ധീകരിക്കും. ഇതോടൊപ്പം തോടുകളുടെ സംരക്ഷണഭിത്തി നിർമ്മിക്കും. ഹോട്ടലുകൾ, ആശുപത്രികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പൊതു ഓടകൾ, പുഴകൾ, തോടുകൾ എന്നിവയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയുന്നതിന് കർമ്മപദ്ധതി ആവിഷ്കരിക്കും. നഗരത്തിലെ മുഴുവൻ ഓടകളിലെയും സ്ലാബ് നീക്കംചെയ്ത്
പരിശോധന നടത്തും. ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള മലിനജലമോ മറ്റ് മാലിന്യങ്ങളോ ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകുകയും സ്ഥാപന ഉടമ നീക്കംചെയ്യാൻ തയ്യാറാകാത്ത പക്ഷം നഗരസഭ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കും. ശുചിത്വ മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാവും പദ്ധതി. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് നഗരത്തിലെ മുഴുവൻ തോടുകളും കൈത്തോടുകളും മൂവാറ്റുപുഴയാറും ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.
കയർ ഭൂവസ്ത്രം
വിരിക്കും
കിഴക്കേച്ചാൽ തോട്ടിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കും. കൂടാതെ മണിയൻ തോട്, തൃക്ക, കടാതി,കിഴക്കേച്ചാൽ തോടുകളുടെ ശുചീകരണവും സമയബന്ധിതമായി പൂർത്തിയാക്കും.
ജെ.സി.ബി. അടക്കമുള്ള യന്ത്ര സഹായത്തോടെയായിരിക്കും ശുചീകരണം. നഗരാതിർത്തിയിൽ പുഴയിറമ്പിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും ചളിയും നീക്കം ചെയ്യും. മൂവാറ്റുപുഴയുടെ കുടിവെള്ള സ്രോതസ് സംരക്ഷിക്കുന്നതിനും പുഴയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും എക്കൽ നീക്കം ചെയ്യുന്നതോടെ കഴിയും.
ഉദ്ഘാടനം 30 ന്
നഗരസഭാ ചെയർമാൻ പി.പി. എൽദോസ് 30 ന് രാവിലെ 8 ന് കിഴുകാവിൽ തോട് ശുചീകരിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും . തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, കൗൺസിലർമാർ, ബഹുജനങ്ങൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരിക്കും കിഴുകാവിൽ തോട് പൂർണ്ണമായും ശുദ്ധീകരിക്കുന്നത്. ഇതിന് പിന്നാലെ നഗരാതിർത്തിയിലെ മുഴുവൻ കൈവഴികളും ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കും. പുഴ മലിനീകരണവുമായി ബന്ധപ്പെട്ട ഏതാനും മാസം മുമ്പ് മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യുമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.