മൂവാറ്റുപുഴ: നഗരത്തിന് വസന്ത രാവുകൾ സമ്മാനിച്ച പുഷ്പ, ഫല, സസ്യ പ്രദർശനം മൂവാറ്റുപുഴ ഫ്ലവർ ഷോ ചൊവ്വാഴ്ച സമാപിക്കും. മേളയിൽ പ്രദർശിപ്പിച്ചു വരുന്ന വൈവിധ്യമാർന്ന ചെടികളും ഫല വൃക്ഷ തൈകളും 30 ന് രാവിലെ 7 മുതൽ മിതമായ നിരക്കിൽ വിറ്റഴിക്കും.
ഒരാഴ്ചയായി നഗരസഭാ മൈതാനിയിൽ നടന്ന് വരുന്ന മേള കാണാൻ ഇതിനകം ആയിരങ്ങളാണ് എത്തിയത്. എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്ന വിധമാണ് മേള ഒരുക്കിയിരിക്കുന്നത്.
പുഷ്പ മേളയോട് അനുബന്ധിച്ച് വിപുലമായ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ മുഴുവൻ വസ്തുക്കളും കുറഞ്ഞ നിരക്കിൽ സ്റ്റാളിൽ നിന്ന് ലഭിക്കും. എല്ലാദിവസവും സായാഹ്നങ്ങളിൽ ചലച്ചിത്ര, ടി.വി. താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് പ്രോഗ്രാമും ഭക്ഷ്യ മേളയും കുട്ടികൾക്ക് ഉല്ലസിക്കാവുന്ന അമ്മ്യൂസ്മെന്റ് റൈഡുകളും മേളയെ സവിശേഷമാക്കുന്നു.