അങ്കമാലി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുവാൻ റോജി എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജലജീവൻ മിഷന്റെ ഭാഗമായി നൂറുകണക്കിന് വീടുകൾക്ക് പുതിയ കണക്ഷനുകൾ നൽകി വരികയാണ്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വേനൽ കനത്തതോടുകൂടി കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പലപ്രദേശങ്ങളിലും ജലജീവൻ പഴകിയ പൈപ്പുകൾ മാറ്റുന്നതും നടക്കുന്നുണ്ട്. എന്നാൽ ജലജീവൻ മിഷന്റെ ഭാഗമായി പുതിയ കണക്ഷനുകൾ നൽകിയപ്പോൾ നിലവിൽ വെള്ളം കിട്ടിക്കൊണ്ടിരുന്ന ആളുകൾക്ക് പോലും ഇപ്പോൾ വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
പമ്പ് ഹൗസുകളുടെയും പുതിയതായി മലയാറ്റൂർ പഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ നിർമ്മിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലന്റിന്റെയും തുറവൂർ, താബോർ, ചുള്ളി എന്നിവിടങ്ങളിൽ അനുവദിച്ചിരിക്കുന്ന പുതിയ ടാങ്കുകളുടേയും നിർമ്മാണം ധ്രുതഗതിയിൽലാക്കുവാനും നിർദ്ദേശിച്ചു. ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ സെബി കിടങ്ങേൻ, എം.പി. ആന്റണി, അൽഫോൻസ ഷാജൻ, പോൾ പി. ജോസഫ്, ലതിക ശശികുമാർ, ജിനി രാജീവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പ്രദീപ് പി.എസ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജോസ് എം.പി, ശ്രീകുമാർ സി.പി, ഷീല ജോയ്, അസി. എൻജിനീയർ അഖിൽ നാഥ് എന്നിവർ പങ്കെടുത്തു.