panchayath

ചോറ്റാനിക്കര: ചോറ്റാനിക്കരയെ 'നവ ചോറ്റാനിക്കര"യായി ഉയർത്തുന്നതിന് ഊന്നൽ നൽകുന്ന 2022-23ലെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് ഇന്നലെ അവതരിപ്പിച്ചു. 24.81 കോടി രൂപ വരവും 24.59 കോടി രൂപ ചെലവുമുള്ളതാണ് ബഡ്‌ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

കൃഷിക്കും ആരോഗ്യത്തിനും വലിയ പ്രാമുഖ്യമുണ്ട്. "ഹരിത സമൃദ്ധി-ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയിൽ കൃഷി, തോടുകളുടെ ആഴം കൂട്ടൽ, കയർ ഭൂവസ്ത്രം എന്നിവയ്ക്ക് ഒരുകോടി രൂപ വകയിരുത്തി. ആരോഗ്യരംഗത്ത് പ്രൈമറി ഹെൽത്ത് സെന്റർ വിപുലീകരിക്കാനും പുതിയ കെട്ടിടത്തിനും ഒരു കോടി രൂപയുണ്ട്. ഐ.ടി സ്റ്റാർട്ട് അപ്പ് ഷോപ്പിംഗ് കോംപ്ലക്സിന് ഒരുകോടി,​ ഭൂ രഹിതർക്ക് ഭൂമിയും വീടും നിർമ്മിക്കാൻ ഒരുകോടി, വിശപ്പു രഹിത ചോറ്റാനിക്കരയ്ക്ക് ജനകീയ ഹോട്ടൽ എന്ന പേരിൽ ഊണിന് 10രൂപ വച്ച് നൽകുന്നതിന് 15 ലക്ഷം, മാലിന്യ സംസ്ക്കരണം, പ്ലാസ്റ്റിക് റീ സൈക്കിളിംഗ് യൂണിറ്റ് 15ലക്ഷം, വനിതകൾക്ക് മെൻസ്ട്രുവൽ കപ്പിന് 3ലക്ഷം എന്നിങ്ങനെയും നിരവധി പദ്ധതികളുണ്ട്.

എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ്, സൂപ്പർ മാർക്കറ്റ്, ട്രാക്ടർ, യുവജനങ്ങൾക്ക് സ്വിമ്മിംഗ് പൂൾ, ഫുട്ബാൾ ടർഫ്, വിവിധ പരിശീലനങ്ങൾ, പി.എസ്.സി, കരിയർ ഗൈഡൻസ്, കലാ കായിക പരിശീലനങ്ങൾ, റവന്യു ടവർ, പൊലിസ് സ്റ്റേഷൻ, കോടതി എന്നിവയ്ക്ക് സാദ്ധ്യത പഠനം, കമ്മ്യൂണിറ്റി റേഡിയോ, ഓരോ വാർഡിലും ഗ്രാമ കേന്ദ്രങ്ങൾ,പെഡൽ ബോട്ടിംഗ്, അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം എന്നിങ്ങനെയും പ്രഖ്യാപനങ്ങളുണ്ട്.