കൊച്ചി: മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ബി.ജെ.പി രൂപം നൽകിയ കെ- റെയിൽവിരുദ്ധ സമരസമിതി സമരം ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചായിരിക്കും സമരം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചശേഷം മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ്. പദ്ധതിയെക്കുറിച്ച് യാതൊരു രേഖകളും സർക്കാരിന്റെ കൈവശമില്ല. കിഫ്ബി വഴി പണം തട്ടാനുള്ള തയ്യാറെടുപ്പാണിത്.

സിൽവർ ലൈൻ പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേയുടെ ഭൂമി ഏറ്റെടുക്കേണ്ടിവരും. എന്നാൽ റെയിൽവേ ഇതിനുള്ള അനുമതി നൽകിയിട്ടില്ല. ഒരാൾക്ക് പോലും നോട്ടീസ് കൊടുക്കാതെയാണ് കുറ്റിയടിക്കാൻ ചെല്ലുന്നത്. പദ്ധതിക്കായി 37000 കോടിരൂപ സംസ്ഥാന സർക്കാരിന് ആര് കടംകൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു. സമരക്കാർ പണം വാങ്ങിയെന്ന് മന്ത്രി സജി ചെയറിയാൻ പറയുന്നത് ഇന്റലിജന്റസിനെ ഉപയോഗിച്ച് കണ്ടെത്തണം. സിൽവർലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് സമരമുഖത്തില്ല. കേരളത്തിൽനിന്നുള്ള എം.പിയായ രാഹുൽഗാന്ധിപോലും പ്രധാനമന്ത്രിയെക്കണ്ട് പ്രശ്‌നം അവതരിപ്പിച്ചില്ലെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.