കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇടപ്പള്ളിയിൽ വീട്ടുടമ ശരീരികമായി ഉപദ്രവിക്കുകയും ബാലവേല ചെയ്യിപ്പിക്കുകയും ചെയ്ത കേസിൽ കുട്ടിയുടെ പിതാവിൽ നിന്നുൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴിരേഖപ്പെടുത്താൻ ഒരുങ്ങി പൊലീസ്. ഏത് സാഹചര്യത്തിലാണ് കുട്ടിയെ കേരളത്തിലേക്ക് പറഞ്ഞയച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണിത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 21കാരിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തും. പോക്സോ കേസിൽ അറസ്റ്റിലായ എളമക്കര ചങ്ങമ്പുഴ റോഡ് പാവോത്തിത്തറ പോളിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഒളിവിൽ കഴിയുന്ന ഇയാളുടെ ഭാര്യ സെലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇവർ കേരളം വിട്ടിരിക്കാമെന്ന സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സെലിൻ മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം സ്ത്രീ സംരക്ഷണ കേന്ദ്രമായ ശാന്തിഭവനിലേക്ക് മാറ്രിയ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കടുത്തമാനസിക സംഘർഷം നേരിടുന്ന കുട്ടിക്ക് കൗൺസലിംഗിലൂടെ ആശ്വാസം നൽകാനുള്ള ശ്രമത്തിലാണ്. മാനസികാരോഗ്യം വീണ്ടെടുത്തശേഷം പെൺകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കാനാണ് തീരുമാനം.
ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ കഴിഞ്ഞദിവസം പെൺകുട്ടി വീട്ടിൽനിന്നിറങ്ങി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പരിസരത്തുള്ളവർ വനിതാസെല്ലിൽ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്തത്. അഞ്ചുവർഷമായി ഇവിടെ ജോലിക്കുണ്ടെങ്കിലും പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് 20,000 രൂപ മാത്രമേ എത്തിയിട്ടുള്ളൂവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ ജോലി അവസാനിപ്പിച്ച് പോകുമ്പോൾ മുഴുവൻ ശമ്പളവുംകൂടി ഒന്നിച്ച് നൽകാനിരിക്കുകയായിരുന്നുവെന്നാണ് പോൾ ചോദ്യംചെയ്യലിൽ പറയുന്നത്.
വനിതാദിനത്തിൽ വനിതാക്ഷേമസമിതി നടത്തിയ പരിപാടിക്കിടെ ചായവിതരണത്തിന് പെൺകുട്ടി എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ച് പോളിന്റെ ഭാര്യ സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേൾക്കാനിടയായി. ഇതേത്തുടർന്നാണ് എല്ലാം തുറന്നുപറയാൻ ധൈര്യംവന്നതെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.