മുവാറ്റുപുഴ :ശിവൻ കുന്ന് മഹാദേവ ക്ഷേത്ര സുരക്ഷയ്ക്കായി സ്ഥാപിച്ച ഗേറ്റിനെതിരെ അവകാശവാദവുമായി പൊലീസ്. ക്ഷേത്രത്തിന്റെ മുന്നിലെയും പിന്നിലെയും പ്രവേശന കാവടത്തിലാണ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് ഗേറ്റ് സ്ഥാപിച്ചത്. എന്നാൽ ഗേറ്റിരിക്കുന്ന വഴി തങ്ങളുടേതാണെന്നാണ് പൊലീസ് അധികൃതരുടെ വാദം.

പൊലീസ് സ്റ്റേഷൻ റോഡ് വഴിയും വാട്ടർ അതോറിട്ടി റോഡ് വഴിയുമാണ് ക്ഷേത്രത്തിൽ എത്തിചേരാൻ കഴിയുന്നത്. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

രാവിലെ 10 നും രാത്രി 7 മണിക്കും ക്ഷേത്രനട അടക്കുന്നത്തോടെ ഈ മേഖലയിൽ സാമൂഹിക വിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമായി മാറിയതോടെ ഒരു മാസം മുമ്പ് ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗേറ്റ് സ്ഥാപിച്ചു.

ഉയർന്ന പ്രദേശത്തിൽ നിൽക്കുന്ന ക്ഷേത്രത്തിന്റെ തൊട്ട് താഴെ വഴിയോട് ചേർന്നാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ വഴി തങ്ങൾക്കും സമീപവാസിക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് കൂടിയാലോചന നടത്തിയില്ലെന്നും അരോപിച്ചു.

ദേവസ്വം ബോർഡിന്റെ പരിധിയിൽ വരുന്ന ഭൂമിയുടെ വഴിയിൽ പൊലീസിന് അവകാശമില്ലെന്ന് ക്ഷേത്ര അധികൃതർ പറയുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസ് കാര്യാഷമമായ അന്വേഷണം നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.