
പള്ളുരുത്തി: പള്ളുരുത്തി ബ്ളോക്കിൽ വനിതകളിലൂടെ 43 കുടുംബങ്ങൾ സ്വയം പര്യാപ്തതയിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ വനിതകൾക്കായുള്ള വിവിധ പദ്ധതികളിലൂടെയാണ് ഇവർ വരുമാനമാർഗം കണ്ടെത്തിയത്.
കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലായി അഞ്ചുപേർ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾക്ക് ചെറുകിട വ്യവസായം ആരംഭിക്കാൻ രണ്ടുലക്ഷം വീതം ധനസഹായം അനുവദിച്ചു. മൂന്നു ഗ്രൂപ്പുകൾ ടൈലറിംഗ് യൂണിറ്റും ഒരു ഗ്രൂപ്പ് ഫുഡ് പ്രൊഡക്ട് യൂണിറ്റും മറ്റൊരു യൂണിറ്റ് കോൺക്രീറ്റ് ബോർഡ് നിർമ്മാണ യൂണിറ്റുമാണ്.
വീട്ടുവളപ്പിൽ ബയോഫ്ലോക്ക് മീൻ കൃഷി ചെയ്യുന്നതിന് 14 വനിതകൾക്കും ധനസഹായം നൽകി. സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി രണ്ട് പശുക്കളും തൊഴുത്തും നൽകുന്ന പദ്ധതിക്കും ക്ഷീരകർഷകരായ നാല് വനിതകൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് സഹായം അനുവദിച്ചു. കുമ്പളങ്ങിയിൽ ആരംഭിച്ച സ്റ്റാർ ടൈലറിംഗ് യൂണിറ്റ് ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സൂസൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ മൈക്കിൾ, നിതാ സുനിൽ, പ്രിയാമോൾ കെ.പി., ടെൻസി ഷീബ, ലീജ വിനീഷ് എന്നിവർ പ്രസംഗിച്ചു.