തൃക്കാക്കര: കഴിഞ്ഞവർഷം നഗരസഭയിൽ വികസനപദ്ധതികൾ നടപ്പാക്കാൻ കഴിയാതിരുന്നതിന് വികസനവിരോധികളായ പ്രതിപക്ഷത്തിന്റെ എതിർപ്പുമൂലമാണെന്ന ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ബഡ്ജറ്റ് ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
2022-23ലെ ബഡ്ജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് ചെയർപേഴ്സണിന്റെ പരാമർശം. നടപ്പാക്കാനാവാത്ത പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നത് ജനങ്ങളെ പറ്റിക്കലാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു തിരിച്ചടിച്ചു. കാക്കനാട് ബസ് ടെർമിനൽ നിർമ്മിക്കാൻ റവന്യൂ വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടണം. ഇതിനായി ഭരണസമിതി നടപടികളെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഡ്ജറ്റ് മുൻവർഷത്തേതിന്റെ ആവർത്തനമാണെന്ന് എൽ.ഡി.എഫ് കൗൺസിലർ എം.ജെ. ഡിക്സൺ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാൻ കൂടുതൽ പണം ബഡ്ജറ്റിൽ വകയിരുത്തണമെന്ന് കൗൺസിലർ ജിജോ ചിങ്ങംതറ ആവശ്യപ്പെട്ടു. റവന്യൂ വരുമാനം കൂട്ടാനുള്ള പദ്ധതികൾ ബഡ്ജറ്റിൽ ഇല്ലെന്ന് സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് പറഞ്ഞു.