തൃപ്പൂണിത്തുറ: വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമിടെ തൃപ്പൂണിത്തുറ നഗരസഭാ ബഡ്‌ജറ്റ് വോട്ടെടുപ്പില്ലാതെ പാസായി. വാരിയൻകുന്നന്റെ ചിത്രം ബഡ്‌ജറ്റ് പുസ്തകത്തിൽ ചേർത്തതാണ് വിവാദമായത്.

ചിത്രം കീറിയെറിഞ്ഞ് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും പിന്നീട് ബഡ്ജറ്റ് അവതരണം ശാന്തമായി നടന്നു. പൊള്ളയായ ബഡ്ജറ്റിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം വാരിയൻകുന്നനെ കൂട്ടുപിടിച്ചതെന്ന് പ്രതിപക്ഷനേതാവ് പി.കെ.പീതാംബരൻ ആരോപിച്ചു. തൃപ്പൂണിത്തുറയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പൂവണിയിക്കുന്ന സമ്പൂർണ ബ‌ഡ്ജറ്റാണിതെന്ന് കൗൺസിലർ കെ.ടി.അഖിൽ ദാസ് പറഞ്ഞു.

നടക്കാത്ത സ്വപ്നങ്ങളുടെ തനിയാവർത്തനമാണ് ഇക്കുറിയും ബഡ്ജറ്റെന്ന് കൗൺസിലർ പി.ബി. സതീശൻ പറഞ്ഞു. അന്ധകാരത്തോട് ഗതാഗതം സമയബദ്ധിതമായി പൂർത്തിയാകാത്തതിനാൽ രണ്ടുവർഷമായി ടൂറിസത്തിലൂടെ ലഭിക്കുമായിരുന്ന വരുമാനം നഷ്‌ടപ്പെട്ടുവെന്ന് കൗൺസിലർ പി.എൽ. ബാബു പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷിന്റെ മറുപടി പ്രസംഗത്തോടെ ബഡ്ജറ്റ് അവതരണം സമാപിച്ചു.