
കൊച്ചി: മന്ത്രി സജി ചെറിയാന്റെ സ്വത്തിലെ വർധന സംശയാസ്പദമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. സജി ചെറിയാൻ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് 32,41,000 രൂപയാണ്. കഴിഞ്ഞ ദിവസം കെ-റെയിൽ അലൈൻമെന്റ് ആരോപണത്തിനുള്ള മറുപടിയിൽ അഞ്ചു കോടിയുടെ സ്വത്ത് എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് തോമസ് ചൂണ്ടിക്കാട്ടി. മന്ത്രിയായി ഒരു വർഷം തികയുന്നതിനു മുൻപ് മന്ത്രിയുടെ സ്വത്ത് എങ്ങനെ ഇത്രയും വർദ്ധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കണം. വിശദീകരണം ലഭിക്കാത്തപക്ഷം ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് ഫയൽ ചെയ്യുമെന്നു വ്യക്തമാക്കി അദ്ദേഹത്തിനും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പി.സി. തോമസ് അറിയിച്ചു.