
ചോറ്റാനിക്കര: മാമലയിൽ കെ-റെയിൽ ഉപഗ്രഹ സർവ്വേക്കെത്തിയ ഉദ്യോഗസ്ഥരെ സമരസമിതിയും നാട്ടുകാരും ചേർന്ന് തടഞ്ഞു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും സംഘർഷവും ഉണ്ടായി. സർവ്വേ താത്കാലികമായി നിറുത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുത് മാമല തോട്ടിലെറിഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെ പിറവം വെട്ടിക്കൽ ഭാഗത്ത് സർവ്വേക്ക് വന്ന ഉദ്യോഗസ്ഥർ പ്രതിഷേധം ഉണ്ടാകുമെന്നറിഞ്ഞ് മാമലയിൽ വൻപൊലീസ് സന്നാഹത്തോടെ എത്തുകയായിരുന്നു. സർവ്വേക്കല്ല് സ്ഥാപിക്കാതെ ഉപഗ്രഹ സർവ്വേയാണ് നടത്തിയത്. പിന്നാലെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സർവ്വേ തടഞ്ഞു. പൊലീസ് പ്രതിരോധിച്ചതോടെ സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്നു. പൊലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമം നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. ഇതിനിടെയാണ് സർവ്വേക്കല്ലുകൾ സമരക്കാർ പിഴുതുകൊണ്ടുവന്ന് മാമല തോട്ടിലിട്ടത്. സർവ്വേ ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷണയിൽ മാറ്റി.
പിറവത്ത് അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിലും സർവ്വേ തടയാൻ ജനങ്ങൾ സംഘടിച്ചിരുന്നു. വി.പി സജീന്ദ്രൻ, വിൽസൺ ജോൺ, വി.പി വേണു മുളന്തുരുത്തി,സി.പി ജോയ്,സുജിത് പോൾ,ബിജു പാലാൽ, ലിജോ മാളിയേക്കൽ, സിജു കടയ്ക്കനാട്, അനൂപ് പി.എച്ച് തുടങ്ങിയവർ മാമലയിലെ പ്രതിഷേധത്തിന് നേതൃത്വം നൽകി.