പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായ മുട്ടുചിറയെ അധികൃതർ കൈയൊഴിഞ്ഞിട്ട് വർഷങ്ങളായി. ശുചീകരണപ്രവർത്തനങ്ങൾ നടത്താതെ കാട് പിടിച്ചും കൈയേറിയും ചിറയെ മുച്ചൂട് മുടിച്ചു.

ആറു വർഷത്തോളമായി ചേരാനല്ലൂർ ഭാഗത്ത് തോട്ടുവനമ്പിള്ളി റോഡിനോട് ചേർന്നുള്ള ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഒരു ഭാഗം മാത്രം ശുചീകരിച്ച് മദ്ധ്യമങ്ങളിൽ വാർത്ത നൽകുക മാത്രമാണ് കാലങ്ങളായി തുടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ നിന്ന് കാണുന്ന ഭാഗം മാത്രമാണ് ഭാഗികമായി ശുചീകരിച്ച് പോരുന്നത്. ഇതോടെ നീരൊഴുക്കില്ലാത്ത സ്ഥിതിയാണ്.

പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ ചിറയുടെ റോഡിൽ നിന്നും കാണുന്ന കുറച്ചുഭാഗം മാത്രം കഴിഞ്ഞ ദിവസം ''ആസാദീ കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി വീണ്ടും ശുചീകരിച്ചു. എന്നാൽ പ്രദേശവാസികളുടെ നിരന്തരം പരാതിയെ തുടർന്ന് ചിറയോട് ചേർന്നുള്ള കൈയേറ്റങ്ങൾ ഒഴുപ്പിക്കാൻ പഞ്ചായത്ത് നടപടിയെടുത്തില്ല.

കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചിറ വൃത്തിയാക്കാൻ നാല് ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ചിറയുടെ തെക്കുഭാഗത്ത് ഒന്നും ചെയ്തില്ല. ആറ് വർഷം മുമ്പ് പഞ്ചായത്ത് പണം അടച്ചതിന്റെ അടിസ്ഥാനത്തിൽ 10 റീച്ചുകളുള്ള ചിറയുടെ ആറ് റീച്ചുകൾ അളന്ന് കല്ലിട്ടിരുന്നു. ബാക്കി ഭാഗം ഇതേവരെ അളന്ന് തിരിച്ചിട്ടില്ല.

അന്ന് അളന്നു സ്ഥാപിച്ച കല്ലുകൾ പലതും ഇപ്പോൾ കാണാനുമില്ല. ആറ് ഏക്കർ വിസ്തീർണമുള്ള ചിറയിൽ നിന്ന് 500 ഓളം കുടുംബങ്ങളുടെ കിണറുകളിലേക്ക് ഉറവ് ലഭിക്കുകയും നൂറുക്കണക്കിന് ഏക്കർ സ്ഥലങ്ങളിലേക്ക് കൃഷിക്ക് വേണ്ടി വെള്ളം ഉപയോഗിക്കുന്നുമുണ്ട്. ടൂറിസത്തിനു വളരെയധികം സാദ്ധ്യതയുള്ളതാണ് ചിറ. ചെളി കോരി ചുറ്റും റിംഗ് റോഡ് ഉണ്ടാക്കിയാൽ ജനങ്ങൾക്ക് ജൈവ വൈവിദ്ധ്യങ്ങൾ കാണാൻ വരെ സൗകര്യമുണ്ട്. മത്സ്യ സമ്പത്തും ചിറയുടെ പ്രത്യേകതയാണ്.