കൊച്ചി: ദേശീയ പൊതുപണിമുടക്കു ദിനങ്ങളായ മാർച്ച് 28,29 തീയതികളിൽ എറണാകുളത്ത് പള്ളിക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പണിമുടക്കായതിനാൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ സമരക്കാർ അനുവദിച്ചേക്കില്ലെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.പി. ജോയി നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഉത്തരവു നൽകിയത്.

കഴിഞ്ഞ അഞ്ചു വർഷമായി പള്ളിക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ ഹർത്താലുമായി സഹകരിക്കുന്നില്ലെന്നും പണിമുടക്കിന്റെ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ വിശദീകരിച്ചു. പള്ളിക്കര മർച്ചന്റ്സ് അസോസിയേഷനിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകാമെന്ന് സർക്കാരും അറിയിച്ചു. തുടർന്നാണ് ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടായാൽ ഹർജിക്കാർ കുന്നത്തുനാട് പൊലീസിനെ അറിയിക്കണമെന്നും പൊലീസ് നടപടിയെടുക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. ഹർജി ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.