കിഴക്കമ്പലം: പണിമുടക്കിനെയും ഹർത്താലിനെയും പടിക്ക് പുറത്താക്കി പള്ളിക്കര. ഇവിടെ ഹർത്താലുകൾക്കെതിരെ വ്യാപാരിവ്യവസായി ഏകോപന സമിതി കഴിഞ്ഞ അഞ്ചു വർഷമായി രംഗത്തുണ്ട്. 2020 ൽ നടന്ന സംയുക്ത സമരസമിതിയുടെ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് തുറന്ന കടകൾ അടപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. നാളെയും മറ്റന്നാളുമായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് കടകളടച്ച് സഹകരിക്കണമാന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി വ്യാപാരികൾക്ക് നോട്ടീസ് നൽകിയതോടെ അവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അന്നേ ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് മുഴുവൻ സംരക്ഷണവും നൽകാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. തുടർന്നും ഇനി കടകളടച്ചുള്ള സമരങ്ങൾക്ക് പള്ളിക്കരയിലെ വ്യാപാരികൾ തയ്യാറാകില്ലെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് സി.ജി. ബാബു, ജനറൽ സെക്രട്ടറി എൻ.പി. ജോയി, വൈസ് പ്രസിഡന്റ് പി.എം. ജോയി, പി.ടി. സജികുമാർ, വി.ആർ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. പള്ളിക്കരയുടെ സമീപ പ്രദേശമായ അമ്പലംപടിയിലും പെരിങ്ങാലയിലും വർഷങ്ങളായി വ്യാപാരികൾ കടകൾ അടക്കാറില്ല. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലും സമാനമാണ്.