വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറികൾക്ക് പുസ്തക വിതരണം,127 അങ്കണവാടികൾക്ക് തെർമൽ സ്‌കാനറും സാനിറ്റൈസറും വിതരണം, എടവനക്കാട്, കുഴുപ്പിള്ളി, ഞാറക്കൽ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡിലെയും ഹരിത കർമ്മ സേനയ്ക്ക് ഉന്ത് വണ്ടി വിതരണം, ലൈഫ് ഭവനപദ്ധതി സഹായം എന്നീ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു.
പുസ്തകം ആവശ്യപ്പെട്ട 12 ലൈബ്രറികളികൾക്കായി ഒരു ലക്ഷം രൂപയുടെ പുസ്തകമാണ് നൽകിയത്. ഫർണിച്ചർ ഇനത്തിൽ 196000 രൂപയും ചെലവഴിക്കുകയുണ്ടായി. 27 ലൈഫ് ഗുണഭോക്താക്കൾക്കായി 2675000 രൂപയാണ് വിതരണം ചെയ്തത്. 44 വാർഡിലെ ഹരിത കർമ്മ സേന വണ്ടികൾക്കായി 880000 രൂപയും തെർമൽ സ്‌കാനറിനും സാനിറ്റൈസറിനുമായി 2 ലക്ഷം രൂപയും ചെല വഴിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി വിൻസന്റ് സ്വാഗതവും അഗസ്റ്റിൻ മണ്ടോത്ത് നന്ദിയും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സുബോധ ഷാജി, ഇ. കെ. ജയൻ, ബ്ലോക്ക് അംഗങ്ങളായ പി.എൻ.തങ്കരാജ്, സുജ വിനോദ് ,ഇ.പി. ഷിബു, ശാന്തിനിപ്രസാദ്, ഷെന്നി ഫ്രാൻസീസ്, ട്രീസ്സ ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.