മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരിത്രം സത്യവും മിഥ്യയും എന്ന വിഷയത്തിലുള്ള താലൂക്ക് സെമിനാർ എ.പി.വർക്കി മിഷൻ ഡയറക്ടർ എൻ. കൃഷ്ണപ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്ത് ഉള്ളേലികുന്ന് ചിന്ത ഗ്രന്ഥശാലയ്ക്കുള്ള എവർറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവും മികച്ച് ഗ്രന്ഥശാല പ്രവർത്തകനായി തിരഞ്ഞെടുത്ത് കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല പ്രസിഡന്റായ സി.എൻ. പ്രഭകുമാറിനുള്ള മൊമെന്റോയും പ്രശസ്തി പത്രവും മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുത്ത് റാണിസാബുവിനുള്ള മൊമെന്റോയും പ്രശസ്തി പത്രവും സമ്മാനിച്ചു.

താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. വനിത വായന മത്സരവിജയികൾക്കുള്ള കാഷ് അവാർഡ് വിതരണം സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പനയും യു.പി. വായന മത്സരവിജയികൾക്കുള്ള കാഷ് അവാർഡ് വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രനും ബാലോത്സവം കൂടുതൽ പോയിന്റ് നേടിയ ലൈബ്രറികൾക്കുള്ള മൊമെന്റോകൾ ടി.കെ. രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് കെ.എൻ. ജയപ്രകാശും വനിതാ വായന മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എൻ. മോഹനനും യു.പി വായന മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയനും നി‌ർവ്വഹിച്ചു. സെക്രട്ടറി സി.കെ. ഉണ്ണി, താലൂക്ക് എക്സിക്യൂട്ടീവ് അംഗം വി.ടി. യോഹന്നാൻ എന്നിവർ പങ്കെടുത്തു.