
കൊച്ചി: പ്രതിഷേധപ്രകടനങ്ങളുടെ അകമ്പടിയുമായി കോർപ്പറേഷന്റെ ബഡ്ജറ്റ് ചർച്ച. തലച്ചുമടുമായി പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിലേക്കെത്തിയത്. കൊതുകുവല വിരിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി ഭരണപക്ഷ കൗൺസിലർമാർ പ്രതിപക്ഷത്തെ നേരിട്ടു. സ്ഥിരംസമിതി അദ്ധ്യക്ഷൻ പി .ആർ. റെനീഷ് ബഡ്ജറ്റ് ചർച്ചയ്ക്ക് തുടക്കമിട്ടു. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 86 പദ്ധതികൾ ഒരുവർഷത്തിനുള്ളിൽ നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ആശ്വാസമായി പത്ത് രൂപ ഊണ് നൽകുന്ന സമൃദ്ധി @ കൊച്ചി, കാര്യക്ഷമമായി നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ, ഇ-ഗവേണൻസ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്, കലാസാംസ്‌കാരിക പ്രവർത്തകർക്ക് ഊർജം നൽകുന്ന ആർട്‌സ് സ്‌പേസ് കൊച്ചി, ജി.സ്മാരകം യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കി പൈലിംഗ് ജോലികൾ ആരംഭിച്ചത് എന്നിങ്ങനെ ഭരണനേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊതിവീർപ്പിച്ച കണക്കെന്ന് പ്രതിപക്ഷം
തനത് റവന്യു വരുമാനം വർദ്ധിപ്പിക്കാതെ കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ ഗ്രാന്റുകളുടെ ബലത്തിൽ ഊതി പെരുപ്പിച്ച ബഡ്ജറ്റാണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പത്ത് രൂപ ഊണിനൊപ്പം സ്‌പെഷ്യൽ വിളമ്പുന്നതിനെതിരെ സംസാരിച്ച പ്രതിപക്ഷാംഗങ്ങൾ സമൃദ്ധി @ കൊച്ചിയിലൂടെ കാറ്ററിംഗ് സർവീസ് നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. തനതു വരുമാനം വർദ്ധിപ്പിക്കാനായി യാതൊരു ക്രിയാത്മക നടപടിയും ബഡ്ജറ്റിൽ നിർദ്ദേശിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു. നിലവിൽ തനത് ഫണ്ടിൽ നിന്ന് കരാറുകാർക്ക് 2018 മുതലുള്ള 100 കോടി രൂപ കുടിശികയുണ്ട്. ഡിവിഷൻ ഫണ്ട് ഒരു കോടി രൂപയായി നിലനിറുത്തണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
കൊതുകുവല വിരിച്ച് ബി.ജെ. പി
ബഡ്ജറ്റിൽ കൊതുകുനിർമ്മാർജ്ജനത്തിന് പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ബി .ജെ.പി എറണാകുളം സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ നഗരസഭ ആസ്ഥാനമന്ദിരത്തിനു മുന്നിൽ കൊതുകുവല വിരിച്ച് പ്രതിഷേധിച്ചു . ബി .ജെ. പി ജില്ലാ അദ്ധ്യക്ഷൻ എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് ടി. പത്മകുമാരി, ജില്ല വൈസ് പ്രസിഡന്റ് എൻ.എം. ജെയിംസ്, നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ.സ്വരാജ് സോമൻ , കൗൺസിലർമാരായ സുധ ദിലീപ്, അഡ്വ.പ്രിയ പ്രശാന്ത്, രഘുറാം എന്നിവർ സംസാരിച്ചു.