harish
ഹരീഷ് ആർ നമ്പൂതിരിപ്പാട്

മൂവാറ്റുപുഴ: ഓൺലൈൻ കാലഘട്ടത്തിനുശേഷം സ്കൂളുകൾ തുറന്ന് കുട്ടികൾ പരീക്ഷയ്ക്ക് ഒരുക്കമാരംഭിച്ചതോടെ പരീക്ഷപ്പേടിയകറ്റുന്ന കഥകളും കവിതകളുമായി വാട്സ് ആപ്പിൽ സജീവമാകുകയാണ് രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ. നമ്പൂതിരിപ്പാട്. കുട്ടികളുടെ പരീക്ഷക്കാലം ഗുണപാഠകഥകളും കവിതകളുമായി സമ്പന്നമാക്കുകയാണ് അദ്ദേഹം. പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുന്ന കുരുന്നുകൾക്ക് ധൈര്യവും ആത്മവിശ്വാസവും പ്രചോദനവും നൽകുന്ന കഥകളുമായിട്ടാണ് നവമാദ്ധ്യമ കഥയമ്മാവൻ എത്തിയിരിക്കുന്നത്.

കാട്ടിലെ സ്കൂൾ വിദ്യാർത്ഥികളായ മൃഗകുമാരന്മാർക്കും കുമാരിമാർക്കും പരീക്ഷാദിവസം ഉണ്ടാകുന്ന രോഗങ്ങളും അതിനുള്ള പ്രതിവിധിയും നർമ്മകഥാ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നതാണ് മടിപ്പനി എന്ന കഥ. ചങ്ങാതിയാകും പരീക്ഷ എന്ന കവിതയിലൂടെ കുട്ടികൾക്ക് പഠനത്തിനും പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും ആത്മവിശ്വാസമേകുന്ന വരികൾ ചൊല്ലിയിരിക്കുന്നത് സരിത പ്രവീണാണ്. പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള കഥയുമുണ്ട്.

കഥ പറയാം കേൾക്കൂ എന്ന നവമാദ്ധ്യമ കഥാപരമ്പര മൂന്നാംവർഷത്തിലേക്ക് കടക്കുമ്പോൾ ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതി ശബ്ദംനൽകിയ 435 കഥകൾ വാട്സാപ്പിലൂടെ വിവിധ ഗ്രൂപ്പുകളിൽ എത്തിക്കുക എന്ന അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി രചനാരംഗത്ത് സജീവമായ ഹരീഷ് അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോ- ഓഡിനേറ്റർ, വായനശാല പ്രവർത്തകൻ, കവി, കഥാകൃത്ത് തുടങ്ങിയ നിലയിൽ പ്രശസ്തനാണ് ഹരീഷ് ആർ നമ്പൂതിരിപ്പാട്.