
തൃപ്പൂണിത്തുറ: മലബാർ കലാപത്തിലെ വിവാദനായകൻ വാരിയൻകുന്നന്റെ ചിത്രം ബഡ്‌ജറ്റ് പുസ്തകത്തിൽ മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാരുടെ ചിത്രത്തിനൊപ്പം ഉൾപ്പെടുത്തിയ തൃപ്പൂണിത്തുറ നഗരസഭ ഭരണസമിതി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ നഗരസഭാ കൗൺസിലിൽ പ്രതിഷേധിച്ചു. ബഡ്‌ജറ്റ് ചർച്ചയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
ചെയർപെഴ്സണും വൈസ് ചെയർമാനും മാപ്പുപറയണമെന്നാണ് ആവശ്യം. ബഡ്ജറ്റിന്റെ മുഖചിത്രത്തിൽ നിന്ന് വാരിയൻകുന്നന്റെ ചിത്രം കീറിയെടുത്ത് ബി.ജെ.പി കൗൺസിലർമാർ വലിച്ചെറിഞ്ഞു.
താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വകയിരുത്തിയ തുക ഒരു കോടിയായി ഉയർത്തണമെന്നും വീട്ടുകരം വർദ്ധന, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടകളുടെ വാടക എന്നിവ വർദ്ധിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറുമായ പീ.കെ. പീതാംബരൻ, കൗൺസിലർമാരായ അഡ്വ.പി.എൽ. ബാബു, രാധികാ വർമ്മ, യു. മധുസൂദനൻ, രൂപ രാജു, വിജയശ്രീ കെ.ആർ., വള്ളി മുരളീധരൻ, സാവിത്രി നരസിംഹറാവു, സന്ധ്യാ വാസുദേവൻ, രജനി ചന്ദ്രൻ, കെ.ആർ. രാജേഷ്, ശോണിമ നവീൻ, സുധ സുരേഷ്, സുപ്രഭ പീതാംബരൻ തുടങ്ങിയർ ബഡ്ജറ്റ് ചർച്ചയിൽ സംസാരിച്ചു.