ഞാറക്കൽ: ഭവനനിർമ്മാണത്തിനും വനിതാവികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകികൊണ്ടുള്ള എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ് അവതരിപ്പിച്ചു. 39.97 കോടിരൂപ വരവും 39.69 കോടി രൂപ ചെലവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് കെ.എം സിനോജ് കുമാർ അവതരിപ്പിച്ചത്. പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു.
ഉത്പാദനമേഖലയ്ക്ക് 2.18 കോടി രൂപയും സേവനമേഖലയ്ക്ക് 17.31 കോടി രൂപയും പശ്ചാത്തല വികസനമേഖലയ്ക്ക് 4.77 കോടി രൂപയും ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണം, ശുചിത്വം, മാലിന്യസംസ്കരണം, ടൂറിസം, കായികം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയ ബഡ്‌ജറ്റിൽ ഭവന നിർമ്മാണത്തിന് ഒൻപത് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിന്റെ വനിതാ ട്രെയിനിംഗ് സെന്റർ ബിൽഡിംഗിൽ വനിതകൾക്കായി ഐ.ടി ഇൻക്യുബേറ്റർ, വനിതാ -ശിശു ആക്രമണങ്ങൾക്കെതിരെയുള്ള ജാഗ്രതാ സമിതിയുടെ നിർഭയ സെന്റർ ഓഫീസ്, വനിതകൾക്കായുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവ അടുത്ത സാമ്പത്തിക വർഷം നടപ്പാക്കും.
വയോജനക്ഷേമ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ആവിഷ്കരിക്കും. വാർഡ് തലത്തിൽ വയോജനങ്ങൾക്ക് സഹായമായി പാരാമെഡിക്കൽ ടീമുകളെ സജ്ജമാക്കും. പഞ്ചായത്ത് തലത്തിൽ കളിക്കള നിർമ്മാണത്തിനും പഞ്ചായത്തിലെ പ്രധാന ബീച്ചുകൾ നവീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. പഞ്ചായത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കും. കൃഷി, മത്സ്യകൃഷി, മൃഗസംരക്ഷണം തുടങ്ങിയവയ്ക്കും ബഡ്‌ജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്