പറവൂർ: കേരളത്തിൽ ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പടിഞ്ഞാറെ മടപ്ളാതുരുത്ത് 976-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്ളാറ്റിനംജൂബിലി ആഘോഷവും വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്തം അനുഭവിക്കാൻ വിധിക്കപ്പെട്ടവരായി ഇവിടത്തെ പിന്നാക്കവിഭാഗങ്ങൾ. ഇതിന് ഇരയാകേണ്ടിവന്നത് അടിസ്ഥാന വർഗ്ഗമാണ്. ഒരു ഗതിയുമില്ലാതെ അലയുന്ന അവസ്ഥയാണ് ഇക്കൂട്ടർക്കുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മതാധിപത്യം ഭരണതലത്തിൽ പിടിമുറുക്കിയപ്പോൾ അടിസ്ഥാന വർഗ്ഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഗണന ലഭിച്ചില്ല. കാലകാലങ്ങളായി നഷ്ടപ്പെടുന്നതും ഇല്ലാതാകുന്നതും ഇക്കൂട്ടരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും മാത്രമാണ്. വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ. ട്രസ്റ്ര് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ദീപം പ്രകാശിപ്പിച്ചു. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ ഇ.എസ്. ഷീബ പ്ളാറ്റിനംജൂബിലി സന്ദേശവും നൽകി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ക്ഷേത്രംതന്ത്രി മൂത്തകുന്നം സുഗതൻ തന്ത്രി, മേഖലാ കൺവീനർ ടി.പി. കൃഷ്ണൻ, കെ.എസ്. സനീഷ്, ബീനാകുമാരി, കെ.ടി. നിഥിൻ, ഇ.പി. സന്തോഷ്, ഷമിൽ ശാന്തി, ഇ.കെ. ലക്ഷ്മണൻ, കെ.കെ. രാജൻ, വിമി മുരളി, ബേബി സുഭാഷ്, ഷിജി ജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.പി. തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് സി.എസ്. ഷാനവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് അജയകുമാർഘോഷ് നന്ദിയും പറഞ്ഞു.
ശാഖയുടെ കീഴിലുള്ള നാല് കുടുംബയൂണിറ്റുകളുടെ സംയുക്തസമ്മേളനവും കുടുംബയൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.